An Educational Blog

Trivandrum Teachers WhatsApp ഗ്രൂപ്പിന്‍റെ പുതിയ ചുവടുവയ്പ്പ്. ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.
Showing posts with label ദിനാചരണങ്ങള്‍. Show all posts
Showing posts with label ദിനാചരണങ്ങള്‍. Show all posts

Sunday, August 7, 2016

ഹിരോഷിമ ദിനം-ആഗസ്ററ് 6





ഇന്ന് ഹിരോഷിമ ദിനം. ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്റെ 71ാം വാര്‍ഷികമാണ് ഇന്ന്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്.

 
ജപ്പാന്റെ ചരിത്രത്തിലെ എക്കാലത്തേയും കറുത്ത അധ്യായമായ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തില്‍ 90000-160000 ഇടയില്‍ ആള്‍നാശം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഹിരോഷിമയിലെ ബോംബാക്രമണം മൂലമുണ്ടായ ആണവ വികിരണത്തിന്റെ ദോഷഫലങ്ങള്‍ അനന്തര തലമുറകള്‍ക്കും അനുഭവിക്കേണ്ടി വന്നു.

എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ എന്ന ആണു ബോംബ് വര്‍ഷിച്ചത്. 70000 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ബോംബ് വര്‍ഷത്തി
ന്റെ റേഡിയേഷന്‍ പിന്നെയും മാസങ്ങളൊളം നില നിന്നു. റേഡിയേഷന്‍ അതിപ്രസരം മൂലം ഒന്നര ലക്ഷത്തോളം ആളുകള്‍ മരിച്ചതായി വിലയിരുത്തപ്പെടുന്നു. അതിലുമധികം ആളുകള്‍ അംഗവൈകല്യം സംഭവിച്ചവരുമായി. 

മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി. പിന്നീട് ജപ്പാന്‍ അമേരിക്കയുടെ ഏറ്റവും സഖ്യകക്ഷികളിലൊന്നായി തീര്‍ന്നു എന്നത് വിരോധാഭാസം മാത്രം. 

 

നമ്മുടെ സ്വപ്നങ്ങള്‍ എരിഞ്ഞു വീഴുന്ന ദിനങ്ങള്‍.. 
നമ്മുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന ദിനം..
 
അങ്ങിനെയൊരു ദിനത്തെക്കുറിച്ച് ആരും അന്ന് ചിന്തിച്ചിരുന്നില്ല. അവര്‍ക്ക് അതിന് സമയമുണ്ടായിരുന്നില്ല. കളിയും ചിരിയുമായി ആ അപൂര്‍വ്വ വിദ്യാലയം റ്റോമോ തലയുയര്‍ത്തി നിന്നിരുന്നു. ജപ്പാനില്‍.തെത്സുകോ കുറോയാനഗി എന്ന ടോട്ടോചാന്‍ പഠിച്ചത് അവിടെയായിരുന്നു. കൊബായാഷി മാസ്റ്ററുടെ ശിക്ഷണത്തില്‍ കളിയും ചിരിയുമായി അവര്‍ നേടിയത് സമൂഹത്തിനു വേണ്ടിയുള്ള സ്വപ്നങ്ങളായിരുന്നു.എന്നാല്‍ യുദ്ധത്തിന്റെ കെടുതികളില്‍, മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന നായാട്ടില്‍ , ആ സ്വപ്നങ്ങള്‍ക്ക് എന്തു പ്രസക്തി?..

തെത്സുകോ കുറോയോനഗി ഹിരോഷിമ ദുരന്തം ആവിഷ്കരിച്ചത് ഇങ്ങനെയാണ്..

......റ്റോമോ എരിഞ്ഞു വീണു. അത് സംഭവിച്ചത് രാത്രിയിലാണ്. മിയോചാനും അവരുടെ സഹോദരി മിസാചാനും അവരുടെ അമ്മയും സ്കൂളിനോട് ചേര്‍ന്നുള്ള തങ്ങളുടെ ഭവനത്തില്‍ നിന്നും കുഹോന്‍ബസ്തു കുളക്കരയിലെ റ്റോമോ പാടത്തേക്ക് രക്ഷപ്പെട്ടു. ക്ഷേത്രവും അവരും സുരക്ഷിതരായിരുന്നു.
ബി. 29 ബോംബറുകളില്‍ നിന്നും വര്‍ഷിച്ച മാരകമായ അനേകം ഷെല്ലുകള്‍. ക്ളാസ് മുറികളായി പ്രവര്‍ത്തിച്ചിരുന്ന റയില്‍വേ കോച്ചുകള്‍ക്കു മുകളില്‍ ഹുംകാരശബ്ദത്തോടെ പതിച്ചു. ഹെഡ് മാസ്റ്ററുടെ സ്വപ്നത്തില്‍ ത്രസിച്ചുനിന്നിരുന്ന വിദ്യാലയം തീനാളങ്ങളില്‍ മറഞ്ഞു. അദ്ദേഹം ഒരു പാട് സ്നേഹിച്ച, കുഞ്ഞിച്ചിരികളുടേയും ചിലയ്കലുകളുടേയും സ്വരഭേദങ്ങള്‍ക്കു പകരം, വിദ്യാലയമൊന്നാകെ ഭയാനകമായ ശബ്ദത്തോടെ നിലം പൊത്തി. ശമനമില്ലാത്ത അഗ്നി അതിന്റെശിലാതലത്തോളം എരിയിച്ചു കളഞ്ഞു. ജിയുഗോകയിലെമ്പാടും തീനാളങ്ങള്‍ പാളിയുണര്‍ന്നു.
എല്ലാറ്റിനുമിടയില്‍, തെരുവിന്റെ വിജനതയില്‍ നിന്ന് റ്റോമോ കത്തിയെരിയുന്ന ദൃശ്യം മാസ്റ്റര്‍ കണ്ടു. എപ്പോഴത്തേയും പോലെ തന്നെ അദ്ദേഹം തന്റെഏറെ നരച്ചു പോയ കറുത്ത സ്യൂട്ടണിഞ്ഞിരുന്നു.കൈകള്‍ കീശയില്‍ തിരുകി മാസ്റ്റര്‍ നിന്നു........
 
 


സദാക്കോ ഒരു ജപ്പാനീസ് പെണ്‍കുട്ടി .വെളുത്ത കൊക്കുകള്‍ ഉണ്ടാക്കി വിധിയുടെ ക്രൂരതക്ക് മുന്‍പില്‍ നിന്ന് രക്ഷപെടാന്‍ ആഗ്രഹിച്ചവള്‍.1955 ഒക്ടോബര്‍ 25 നു ആറ്റം ബോംബ്‌ ഉല്പാദിപ്പിച്ചു നല്‍കിയ ലുക്കീമിയ എന്ന രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങുമ്പോള്‍ അവള്‍ക്കു 12 വയസ്സ് പ്രായം.1000 വെളുത്ത കൊക്കുകള്‍ ഉണ്ടാക്കിയാല്‍ ദൈവം ഒരു വരം നല്‍കുമെന്നുമുള്ള ഒരു ജപ്പാനീസ് ഗുരുവിന്റെ ഉപദേശത്തില്‍ അവള്‍ 644 കൊക്കുകള്‍ ഉണ്ടാക്കി..അസുഖത്തിന്‍റെ കടുത്ത പീഡകല്‍ക്കിടയിലും ആതാമാവിശ്വാസവും പ്രതീക്ഷയും പുലര്‍ത്തിയ അവളുടെ ശ്രമം പക്ഷെ മരണത്തിന് മുന്‍പില്‍ പരാജയപ്പെട്ടു ..പിന്നീട് അവളുടെ കൂട്ടുകാര്‍ ബാക്കി 356 കൊക്കുകള്‍ കൂടി നിര്‍മിച്ചു അവളുടെ ഓര്‍മകളില്‍ പങ്കു ചേര്‍ന്നു.
അവള്‍ തുടങ്ങി വെച്ച ആവേശം അത് ലോകസമാധാനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വരുടെ ആശയ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടി.അവളുടെ സുഹൃത്തുക്കള്‍ സ്വരൂപിച്ചു കൊണ്ട് ഹിരോഷിമ പീസ്‌ പാര്‍ക്കില്‍ സ്വര്‍ണകൊക്കുമായുള്ള സദാക്കൊയുടെ പ്രതിമ സ്ഥാപിച്ചു..ഇന്നും വെള്ളക്കൊക്കുക ളുമായി അവളുടെ ഓര്‍മ പുതുക്കി സമാധാനത്തിന്‍റെ സന്ദേശം ലോകത്തിനു നല്‍കുന്നു..ആ പ്രതിമയുടെ താഴെ " THIS IS OUR CRY ,THIS IS OUR PRAYER , PEACE IN THE WORLD " എന്നൊരു വാചകം രേഖപെടുത്തിയിട്ടുണ്ട് .
ഹിരോഷിമയില്‍ 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗസ്റ്റ്‌ 6 നു ഒന്നരലക്ഷത്തോളം പേര്‍ ഈ ലോകത്തു നിന്നും തുടച്ചു നീക്കപ്പെട്ടു .ഒപ്പം മാരകമായ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ ,തലമുറകളോളം വിടാതെ പിന്തുടരുന്ന വൈകല്യങ്ങള്‍ ഇതൊക്കെ അവര്‍ക്ക് പകര്‍ന്നു കിട്ടി.1945 ആഗസ്റ്റ്‌ 6 നു രാവിലെ 8 .15നു ആണ് ഹിരോഷിമയില്‍ അണുബോംബ് പതിച്ചത് ,വളരെ വ്യക്തമായി മുന്‍കൂട്ടി തയ്യാറാക്കി നടപ്പിലാക്കിയ ഒന്നായിരുന്നു...ഹിരോഷിമ,നിഗാട,കൊക്കുറ,നാഗസാക്കി നഗരങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത് ഇതില്‍ ഹിരോഷിമ രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍റെ പ്രധാന സൈനിക കേന്ദ്രവും,ആയുധ സംഭരണ കേന്ദ്രവും ..ഒപ്പം വാര്‍ത്താ വിനിമയ കേന്ദ്രവും ആയിരുന്നു.എന്നാല്‍ ഇവിടെ ജപ്പാനിലെ തന്നെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് സഖ്യശക്തികളുടെ ആക്രമണം അവിടുത്തെ നാട്ടുകാരെ അതിശയപെടുത്തുന്ന വിധം കുറവായിരുന്നു .ഇപ്പോള്‍ പല രേഖകളും വായിക്കുമ്പോള്‍ അണുബോംബിന്‍റെ പ്രഹര ശേഷിയുടെ ആഴം കൂട്ടാന്‍ ബോധപൂര്‍വമായി അവിടം സഖ്യകക്ഷികള്‍ സംരക്ഷിച്ചു വന്നു എന്ന് മനസ്സിലാക്കാം.

ന്യൂക്ലിയര്‍ ഊര്‍ജത്തിന്‍റെ സാധ്യതകളെ പറ്റി ആല്‍ബര്‍ട്ട് ഐന്‍സ്ടീന്‍ അമേരിക്കന്‍ പ്രസിഡെന്‍റ് ആയ റൂസ് വെല്‍റ്റിനു അയച്ച കത്തും അതിനെ തുടര്‍ന്ന് അമേരിക്കന്‍ ശാസ്ത്രഞ്ജന്‍മാരുടെ ഇടപെടലും സമ്മര്‍ദ്ദങ്ങളും ഒക്കെ യാണ് 250 കോടി ഡോളര്‍ ചെലവിട്ടു ഒരു ആണവഗവേഷണ കേന്ദ്രം രൂപപെടുത്താന്‍ ഇടയാക്കിയത് ജര്‍മനിയെക്കള്‍ വേഗം അണുബോംബ് നിര്‍മിക്കുക എന്നതും ,ഓപ്പന്‍ ഹീമര്‍ തുടങ്ങിയ ശാസ്ത്രജ്ഞ രുടെ ഇടപെടലുകളും ഇതിന്‍റെ പ്രവര്‍ത്തനം ത്വരിതപെടുത്തി ..'മാന്‍ഹാട്ടന്‍ പ്രൊജക്റ്റ്‌ ' എന്നായിരുന്നു ഇതിന്‍റെ രഹസ്യ നാമം. ബ്രിട്ടന്‍ കാനഡ തുടങ്ങിയവരുടെ രഹസ്യആണവ പദ്ദതികളായ TUBE ALLOYS ,CHALK RIVER LABORATORY തുടങ്ങിയവ ഇതിനോടൊപ്പം എകീകരിക്കപെട്ടു ..വളരെ രഹസ്യമായി നടത്തിയ ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണരൂപത്തെ കുറിച്ച് വളരെ കുറച്ചു ഉന്നതര്‍ക്ക് മാത്രമേ അറിയുവാന്‍ കഴിഞ്ഞുള്ളു ..ഒടുവില്‍ അമേരിക്കയിലെ ഉട്ടാവ് മരുഭൂമിയിലെ ട്രിനിടി സൈറ്റില്‍ ഈ ബോംബ്‌ വിജയകരമായി പരീക്ഷിക്കപ്പെട്ടു ..രണ്ടു ബോംബുകള്‍ ..റൂസ് വെല്‍ ട്ടിനെ യും ചര്‍ചിലിനെയും സൂചിപ്പിച്ചു മെലിഞ്ഞ മനുഷ്യന്‍ എന്നും തടിച്ച മനുഷ്യന്‍ എന്നും അവയ്ക്ക് പേരിട്ടു.,.ഒടുവില്‍ അത് ലിറ്റില്‍ ബോയ്‌ എന്നും ഫാറ്റ് മാന്‍ എന്നും മാറ്റപ്പെട്ടു .
തുടര്‍ന്ന് വൈസ് പ്രസിഡന്റ്‌ ആയിരുന്ന ഹാരി എസ് ട്രൂമാന്‍ പ്രസിടണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു .ജപ്പാനില്‍ നിന്നും ഉയര്‍ന്നു വന്ന കടുത്ത പ്രതിരോധം സഖ്യകക്ഷികള്‍ക്ക് വിജയം അകലത്തിലാക്കി.ട്രൂമാന്‍ ജപ്പാന് നല്‍കിയ പോട്സ്ഡാം അന്ത്യശാസനം ജപ്പാന്‍ തള്ളിയപ്പോള്‍ ട്രൂമാന്‍ അണുബോംബ് പ്രയോഗിക്കാന്‍ ഉത്തരവിട്ടു ..ഒരു അമേരിക്കന്‍ സൈനികനെ പോലും നഷ്ടപ്പെടുത്താതെ യുദ്ധം ജയിക്കാമെന്നുള്ള സാധ്യതകളും 250 കോടി ഡോളര്‍ ചെലവിട്ടു നിര്‍മിച്ച ആയുധം ഉപയോഗിക്കാതെ കളയാനാവില്ല എന്നാ വാദവും .കൂടുതല്‍ ബലം നേടിയപ്പോള്‍ ചെറുതെങ്കിലും ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ ഫലിക്കാതെയായി ..ഇന്ന് ചരിത്രം വായിക്കുമ്പോള്‍ പുതിയ ഒരു ആയുധം ഉപയോഗിക്കുന്നതി ന്‍റെ ആവേശം അവരില്‍ പ്രകടമായി തോന്നുന്നു ..വാളും കുന്തവും മാറി തോക്ക് വന്നപ്പോള്‍ ഉണ്ടായ മാറ്റം അത് പോലെ അവര്‍ പുതിയ ആയുധത്തെ സ്വീകരിക്കുവാന്‍ തയ്യാറായി .അതിന്‍റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള അറിവ് ഒരു പക്ഷെ ഇല്ലായിരിക്കാം ..അല്ലെങ്കില്‍ അറിയാവുന്നവര്‍ അത് മറച്ചു പിടിച്ചതാകാം ..
എന്തായാലും ഹിരോഷിമയില്‍ അണുബോംബ് പ്രയോഗിക്കാനുള്ള തീരുമാനമായി..ഇത്തരം ഒരു തീരുമാനത്തിന് സഖ്യ കക്ഷികള്‍ക്കിടയില്‍ അന്നേ ഉള്ള കിടമത്സരങ്ങളും കാരണമായി എന്നും വായിക്കാന്‍ കഴിയുന്നു..അങ്ങനെ ആഗസ്റ്റ്‌ 5 ഞായറാഴ്ച 'എനോള ഗേ 'എന്ന വിമാനം 'ലിറ്റില്‍ബോയ്‌ 'യും വഹിച്ചു ഹിരോഷിമക്ക് പുറപ്പെടുന്നു..കേണല്‍ ടിബട്ട്സ് ആക്രമണം നയിക്കുന്നു..ഒപ്പം ഗ്രേറ്റ്‌ ആര്‍ടിസ്റ്റ് എന്ന നിരീക്ഷണ വിമാനത്തില്‍ ക്യാപ്ടന്‍ സ്വീനി .മൂന്നര ലക്ഷത്തോളം വരുന്ന ഹിരോഷിമക്കാര്‍ ഓഗസ്റ്റ്‌ ആറു തിങ്കളാഴ്ചയുടെ ദിനചര്യകളുമായി ദിവസം തുടങ്ങുന്ന നേരം ..8 .15 കഴിഞ്ഞു 17 സെക്കണ്ട് കഴിഞ്ഞപ്പോള്‍ എനോള ഗെയില്‍ നിന്നും ലിറ്റില്‍ ബോയ്‌ അവിടെ പതിച്ചു ..ഒരു തീഗോളം ആയി രൂപപെട്ട ആ ബോംബ്‌ തല്‍ക്ഷണം 66 ,000 പേരെ കൊന്നൊടുക്കി. ദിവസങ്ങള്‍ കൊണ്ട് ഒന്നര ലക്ഷത്തോളം പേര്‍ മരണം കൊണ്ട് അനുഗ്രഹിക്കപ്പെട്ടു,,അതിന്‍റെ ശാപം നേടിയവര്‍ ഇനിയും തീരാത്ത വൈകല്യങ്ങളും പേറി ഇന്നും ജീവിക്കുന്നു .
ഇത് ലോകത്തെ ഞെട്ടിപ്പിച്ചപ്പോള്‍ അമേരിക്കക്ക് അത് ആവേശമായി ..ടോക്കിയോവില്‍ എന്താണ് ഇത് പ്രയോഗിക്കാത്തത് എന്ന ഒരു പത്ര പ്രതിനിധിയുടെ ചോദ്യത്തിന് അമേരിക്കന്‍ സൈനിക മേധാവിയുടെ .."അതിനു സന്ധിയാലോചിക്കാന്‍ അവിടെ ആരെങ്കിലും വേണ്ടേ " എന്ന ക്രൂരമായ ഫലിതം നിറഞ്ഞ മറുപടി തന്നെ അത് വ്യക്തമാക്കുന്നു,,പക്ഷെ അപ്പോഴും കീഴടങ്ങാന്‍ ജപ്പാന്‍ കൂട്ടാക്കിയതുമില്ല..
ഒന്നിന് പുറകെ മറ്റൊന്നുകൂടെ നടത്തിയാലെ തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകും എന്ന ഭീതി വളര്‍ത്താന്‍ കഴിയൂ എന്ന അമേരിക്കന്‍ ചിന്ത വീണ്ടും ഒരു ദുരന്തത്തിന് നാന്ദിയായി ..ഫാറ്റ്മാന്‍ അടുത്ത മനുഷ്യവേട്ടക്കു തയ്യാറായി.ടോക്ക്യോ ആണ് അടുത്ത ലക്‌ഷ്യം എന്ന് കഥ പ്രചരിച്ചു എങ്കിലും .കൊക്കുറ ആയിരുന്നു അമേരിക്ക കരുതി വെച്ചതെങ്കിലും ഒടുവില്‍ അത് നാഗസാക്കിയുടെ നിര്‍ഭാഗ്യമായി മാറി ..മൂന്നു ദിവസങ്ങള്‍ക്കു ശേഷം ആഗസ്റ്റു 9 നു രാവിലെ 11 മണിയോടെ നാഗസാക്കിയും തീഗോളം വിഴുങ്ങി ..നാല്‍പ്പതിനായിരം പേര്‍ മരണത്തിലേക്ക് രക്ഷപെട്ടു ..അങ്ങനെ ആഗസ്റ്റ്‌ മാസം എന്നും ഓര്‍ക്കാന്‍ പാകത്തിന് ജാപ്പനീസ് ജനതക്കും ലോകത്തിനും രണ്ടു ദുരന്തങ്ങള്‍ സമ്മാനിച്ചു .സദക്കോ അതിന്‍റെ ഒരു പ്രതീകമായി ഇന്നും മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു .
ഇന്ന് യു എസ് ,റഷ്യ ,ഫ്രാന്‍സ് ,ബ്രിട്ടന്‍ ,ചൈന തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യ,പാകിസ്താന്‍ ,ഉത്തര കൊറിയ ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും ആണവ ശക്തികള്‍ എന്ന പേര് നേടിയിരിക്കുന്നു..ആണവ കിടമത്സരങ്ങള്‍ ക്കുമപ്പുറം ആണവ അപകടങ്ങളും നമ്മുടെ മുന്‍പില്‍ ഉണ്ടാകുന്നു..1986 ഏപ്രിലില്‍ ഉക്രയിനില്‍ ചെര്‍നോബിളില്‍ ഉണ്ടായ ദുരന്തം .. 1984 ല്‍ ഭോപാലില്‍ ഉണ്ടായ
അപകടം ഇതെല്ലാം ആണവമേഖല കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പാളീച്ചകള്‍ എത്ര വലിയ വിപത്തായി മാറുന്നു എന്നതിന് വലിയ ഉദാഹരണങ്ങള്‍ ആകുന്നു .ഇത്തരം ദുരന്തങ്ങളില്‍ മരണം ഒരു ആശ്വാസമാണെന്ന് ചരിത്രം രേഖപെടുത്തുമ്പോള്‍ വ്യക്തമാകുന്നത് അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ഭീകരതയുടെ ആഴം തന്നെയാണ്..
വര്‍ദ്ധിച്ചു വരുന്ന ജനതയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഇത്തരം പദ്ധതികള്‍ വേണ്ടി വരുന്നു എന്ന വാദം ഈ ദുരന്തങ്ങള്‍ കൊണ്ട് അപ്രസക്തമാകുന്നു..ഭാരതം പോലെ ജനസാന്ദ്രതയേറിയ ഒരു രാജ്യത്തു ഇത്തരം ആണവനിലയങ്ങള്‍ എത്രമാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നതും ഒരു പ്രധാന വിഷയമാണ്..ഭോപാല്‍ ദുരന്തവും അതിനോടനുബന്ധിച്ചുള്ള സമീപകാല പ്രശ്നങ്ങളും ഇന്ന് കൂടുതല്‍ രാഷ്ട്രീയമാനം നേടുമ്പോള്‍ അതിന്‍റെ യഥാര്‍ഥമായ ഭീകരത നാം മറന്നു പോകുന്നോ എന്ന് ഗൌരവകരമായി ചിന്തിക്കേണ്ടതാണ് .
യുദ്ധം എന്നതിന്‍റെ ഭീകരത നമ്മള്‍ അംഗീകരിക്കുന്ന കാലത്ത് തന്നെയാണ് ഓരോ രാജ്യങ്ങളും അവരുടെ ആയുധശേഖരം വര്‍ദ്ധിപ്പിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നത്..ഇന്ന് ലോകത്തില്‍ മറ്റു രാജ്യങ്ങളുടെ ആണവ നിലയങ്ങളുടെ കണക്കെടുക്കാന്‍ നടക്കുന്ന അമേരിക്ക അവരുടെ ശക്തിയോ അവരുടെ ആയുധങ്ങളുടെ എണ്ണമോ വെളിപ്പെടുത്തുന്നില്ല..സമാധാന സംഘടനയായി രൂപം കൊണ്ട ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുകളും ഇത്തരം ആയുധ മത്സരങ്ങള്‍ ഒഴിവാക്കാന്‍ സഹായക കാരമാകുന്നില്ല..അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ കൈവരിക്കേണ്ട ബോധവും അറിവും നമ്മള്‍ സ്വയം നെടുന്നതിനോപ്പം വരുന്ന തലമുറയെയും അതിനെ കുറിച്ച് ബോധാവാന്മാരക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനില്‍പ്പിനു അത്യാവശ്യമായി തീരുന്നു..

ഇനിയും വേണമോ നമുക്കീ യുദ്ധങ്ങള്‍, ഹിരോഷിമകള്‍ നാഗസാക്കികള്‍...?

Tuesday, July 5, 2016

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം



''ദാഹിച്ചുവലഞ്ഞുവരുന്ന ഒരു മൃഗത്തിന് വെള്ളം കൊടുക്കുന്നത് ഒരു പ്രാര്‍ത്ഥന. ഒരു ചെടിയോ വൃക്ഷമോ നട്ട് വെള്ളമൊഴിച്ചു വളര്‍ത്തുന്നതും പ്രാര്‍ത്ഥന. ഒരു പുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കുന്നതും പ്രാര്‍ത്ഥന. വിശന്നു പൊരിഞ്ഞു വരുന്ന മനുഷ്യന് ആഹാരം കൊടുക്കുന്നതും പ്രാര്‍ത്ഥന. ദുഃഖിതരെ ആശ്വസിപ്പിക്കുന്നതും പ്രാര്‍ത്ഥന. ജീവികളെ സന്തോഷിപ്പിക്കുന്നതും പ്രാര്‍ത്ഥന. രാവിന്റെയും പകലിന്റെയും ഭീതികളില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്നപേക്ഷിക്കുന്നതും പ്രാര്‍ത്ഥന. അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം.'' - വൈക്കം മുഹമ്മദ് ബഷീര്‍

തലയോലപ്പറമ്പെന്ന കൊച്ചു ഗ്രാമത്തെ വിശ്വസാഹിത്യത്തോളം വളര്‍ത്തിയത് ജീവിതത്തെത്തന്നെ പ്രാര്‍ത്ഥനയായിക്കണ്ട ബഷീര്‍ എന്ന വന്‍മരമാണെന്ന് നിസ്സംശയം പറയാം. ജീവിതവും സാഹിത്യവും തമ്മിലുള്ള അകലവും ജീവിതഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള അകലവും ഇല്ലാതാക്കിയ എഴുത്തുകാരന്‍. പുതിയ പദാവലികളും ശൈലികളും മലയാളത്തിന് സമ്മാനിച്ച മഹാപ്രതിഭ. ബഷീര്‍ മലയാളമനസ്സിന്റെ ഭാഗംതന്നെയാണ്. ബഷീര്‍കൃതികള്‍ വായിക്കാത്തവര്‍ പോലും ആ കഥാപാത്രങ്ങളേയും കഥാപ്രപഞ്ചത്തേയും അറിയുന്നു. തന്റെ കൃതികളെക്കാള്‍ വലുതായ ആ വ്യക്തിമഹത്വം തിരിച്ചറിയുന്നു.
ബഷീര്‍ രചനകളില്‍ താന്‍ ജീവിച്ച കാലവും നേരിട്ട അനുഭവങ്ങളും അന്നത്തെ സാമുദായിക-സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലവും തെളിഞ്ഞുകിടക്കുന്നു. ബഷീറെന്ന വ്യക്തി തന്റെ കൃതികളില്‍ക്കൂടിയും സംഭാഷണങ്ങളില്‍ക്കൂടിയും വ്യത്യസ്തമായ ജീവിത വഴികളില്‍ക്കൂടിയും സാഹിത്യ സാംസ്കാരിക ലോകത്ത് നിറഞ്ഞുനില്‍ക്കുന്നു. ബഷീറെന്ന യാത്രികനെ കാണിച്ചുതരുന്ന യാത്രാനുഭവങ്ങള്‍ കൂടിയായിമാറുന്നു അദ്ദേഹത്തിന്റെ രചനകള്‍.

നവോത്ഥാനകാലഘട്ടം ബഷീറിന്റെ ചിന്തകളെയും പ്രവൃത്തികളെയും ആഴത്തില്‍ സ്വാധീനിച്ച കാലമാണ്. സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണ്ണായകഘട്ടങ്ങളിലാണ് ബഷീര്‍ തന്റെ രചനകള്‍ക്ക് തുടക്കം കുറിക്കുന്നത്. അനുഭവങ്ങളുടെ തീച്ചൂളകള്‍ ബഷീറെന്ന എഴുത്തുകാരനെ പരുവപ്പെടുത്തിയെടുത്ത കാഴ്ചകള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ തെളിയുന്നു. തദ്ദേശസാഹിത്യത്തെക്കുറിച്ച് ഉത്കണ്ഠ വളരുന്നതും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവന്റെ സാഹിത്യത്തിന് പ്രസക്തി ലഭിക്കുന്നതും സ്വത്വനഷ്ടത്തെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നാണ്. സ്വത്വസംരക്ഷണത്തിന്റെ വ്യാകുലതകള്‍ ബഷീറെന്ന എഴുത്തുകാരന്റെ ഭാഷയിലും കടന്നുവരുന്നു. ബാല്യകാലസഖിയുടെ ആദ്യഭാഗങ്ങളില്‍ പ്രാദേശികഭാഷയുടെ വശ്യത വെട്ടിത്തിരുത്തിയ പ്രസ്സുകാരെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി പഴയ രൂപത്തിലാക്കിയത് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. തന്റെ കൃതികളിലെ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്യപ്പെടാതെ സര്‍ഗ്ഗസാഹിത്യമായി അടയാളപ്പെടുത്തണമെന്ന നിശ്ചയദാര്‍ഢ്യവും ഒപ്പം പ്രാദേശികതയുടെ അടയാളങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചനകള്‍ സാഹിത്യത്തിന്റെ പരിധിയില്‍ പെടുന്നതാണെന്നുള്ള ഉത്തമബോധ്യവും അദ്ദേഹം പുലര്‍ത്തി. വരേണ്യമെന്നോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതെന്നോ ഉള്ള ദ്വന്ദ്വത്തില്‍ ബഷീര്‍ വിശ്വസിച്ചില്ല. താനെഴുതുന്നതെല്ലാം വിശ്വസാഹിത്യമെന്ന തിരിച്ചറിവ് ലോകത്തെവിടെയുമുള്ള സാഹിത്യത്തിലെ സമാനതകള്‍കൂടി ഉള്‍ക്കൊള്ളുന്ന ഒരു മനുഷ്യന്റെ വിശ്വാസപ്രഖ്യാപനമാണ്. പ്രാകൃതം, സംസ്കൃതം എന്ന ദ്വന്ദ്വം സാഹിത്യത്തില്‍ സ്വീകരിക്കപ്പെടേണ്ടതില്ല എന്നതാണ് സംസ്കാരപഠനവും മുന്നോട്ടുവയ്ക്കുന്നത്. ഒരു ദേശത്തിന്റെ വൈവിദ്ധ്യവും വൈചിത്ര്യവും ഒരുപോലെ നിഴലിക്കുന്നതാണ് സംസ്കാരം. കാലവും ദേശവും സംസ്കാരത്തിന്റെ നിയാമകങ്ങളാണ്.
പ്രവാസജീവിതത്തിന്റെ അടയാളങ്ങള്‍ മിക്ക കൃതികളിലും കടന്നുവരുന്നുണ്ട്. സ്വന്തം സമുദായത്തിലെയും സമൂഹത്തിലെയും ആചാരങ്ങളാണ് ബാല്യകാലസഖിയില്‍ മജീദിനെ വീണ്ടും പ്രവാസിയാക്കി മാറ്റുന്നത്. സഹോദരിമാരെ വിവാഹം കഴിച്ചയയ്ക്കാന്‍ പണം വേണം, അവര്‍ക്ക് കാതിലെ കറുത്ത നൂല്‍ മാറ്റി പൊന്നിന്റെ കമ്മല്‍ അണിയണമെങ്കിലും പണം വേണം. മജീദിന് സുഹറയെ സ്വന്തമാക്കണമെങ്കില്‍ നാടുവിടാതെ വയ്യ എന്ന മജീദിന്റെ അവസ്ഥ മജീദിന്റെ രണ്ടാം യാത്രയ്ക്ക് കാരണമാണ്. തന്റെ പ്രവാസജീവിതത്തില്‍ താന്‍ നേടിയ അനുഭവങ്ങളെ ആത്മാംശമുള്ള കഥാപാത്രങ്ങളിലേക്ക് നേരെ പകര്‍ത്തുകയാണ് കഥാകാരന്‍.

മലയാളനോവലില്‍ മുസ്ലീംസാമൂഹ്യജീവിതം ആദ്യമായി അടയാളപ്പെടുത്തിയ കൃതിയും ബാല്യകാലസഖിയാണ്. മജീദിന്റെ ചിന്തകളിലൂടെയും യാത്രകളിലൂടെയും സ്വന്തം സമുദായത്തിലെ ആചാരങ്ങളും അനാചാരങ്ങളും സാഹിത്യത്തില്‍ ആവിഷ്കരിക്കുകവഴി നിലനിന്നിരുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകകൂടിയാണ് ബഷീര്‍ ചെയ്തത്. നിരക്ഷരരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷവുമായി എണ്ണിയ ഒരുപറ്റം ആളുകളെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് തന്റേടത്തോടെ കൂട്ടിക്കൊണ്ടുവരികയും സര്‍ഗ്ഗസംസ്കാരത്തിന്റെ ബഹുസ്വരതയിലേയ്ക്ക് കൂട്ടിച്ചേര്‍ക്കുകയുമാണ് ബഷീര്‍ ചെയ്തത്. കാലദേശങ്ങളില്‍നിന്നെഴുതുമ്പോഴും എഴുത്ത് കാലദേശങ്ങള്‍ക്കതീതമാകുന്ന കാഴ്ച അദ്ദേഹത്തില്‍ കാണാം. താന്‍ ജീവിച്ച സാമൂഹ്യസാഹചര്യങ്ങളില്‍ ഒരേ സമയം അതീതവും അധീനവുമായി ജീവിക്കേണ്ടിവരുന്ന അവസ്ഥ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിലുണ്ട്. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും അരാജകത്വം അനുഭവപ്പെട്ടകാലമാണ് ബഷീറിനെയും വേട്ടയാടിയത്. ജാതിചിന്തയും സാമൂഹികാസമത്വവും നിലനില്‍ക്കാത്ത ഒരു ലോകമാണ് അദ്ദേഹം സ്വപ്നംകണ്ടത്. നിലവിലുള്ള അവസ്ഥാന്തരങ്ങളില്‍ നിന്ന് പുതിയതൊന്ന് കെട്ടിപ്പടുക്കാനുള്ള അഭിവാഞ്ഛ ബഷീറില്‍ ശക്തമായിരുന്നു. കാലത്തോടും ലോകത്തോടും കലഹിക്കുകയായിരുന്നു ബഷീര്‍ തന്റെ കൃതികളിലുടെ. പണം സമ്പാദിക്കുക എന്ന ലക്ഷ്യമായിരുന്നില്ല അദ്ദേഹത്തെ പ്രവാസിയാക്കി മാറ്റിയത്. മറിച്ച് ലേകത്തെ അറിയുക എന്നതായിരുന്നു. അനുഭവങ്ങളിലൂടെ ലോകത്തെ അറിഞ്ഞതിനാലാണ് ഒരു സൂഫിയെപ്പോലെ കാലത്തെയും ലോകത്തെയും ഉള്‍ക്കൊണ്ട് അദ്ദേഹത്തിനെഴുതാനായത്. ഏതു ദുരന്തത്തെയും അതിജീവിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാനായത്. ജീവിതത്തെ 'പ്രകാശമുള്ള സൗന്ദര്യ'മായി ഉള്‍ക്കൊള്ളാനായത്. യുദ്ധങ്ങളും ആക്രമണങ്ങളും പത്രത്താളുകളിലും ചാനലുകളിലും മിന്നിമറയുമ്പോള്‍ യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കുമിടയില്‍ അനാഥമാകുന്ന, ഇരപ്രവാസികളാകുന്ന (victim diaspora) നിരവധി ജീവിതങ്ങളെക്കുറിച്ച് 'ശബ്ദങ്ങള്‍'പോലെയുള്ള കൃതികളില്‍ അദ്ദേഹം വരച്ചിടുന്നുണ്ട്. അസമത്വത്തിന്റെ പീഡിതമുഖങ്ങളും അനാഥത്വം സൃഷ്ടിക്കുന്ന സാമൂഹ്യവ്യവസ്ഥിതിയും രചനകളില്‍ നിറച്ചുകൊണ്ട് പലപ്പോഴും സ്ത്രീ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും ഇരയാക്കപ്പെടുന്ന കുട്ടികളെക്കുറിച്ചും ബോധപൂര്‍വ്വം ചിന്തിക്കുകയും രോഷംകൊള്ളുകയും ചെയ്തു.

സ്വന്തം ആഗ്രഹങ്ങളും സ്വാതന്ത്ര്യവും പണയപ്പെടുത്താതെതന്നെ സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ചു ജീവിക്കാമെന്ന് 'പ്രേമലേഖന'ത്തിലൂടെ തെളിയിച്ചു, സ്ത്രീപക്ഷവീക്ഷണം പുലര്‍ത്തിയ ഈ എഴുത്തുകാരന്‍, മണ്ടന്‍ മുത്തപ്പയെയും സൈനബയെയും സൃഷ്ടിച്ച് പരമ്പരാഗത പ്രണയസങ്കല്പത്തെ വെല്ലുവിളിച്ചു. പുട്ടിനുള്ളില്‍ മുട്ടനിറച്ച് പ്രണയം പങ്കുവയ്ക്കുന്ന പ്രണയിനിക്കും സ്നേഹിച്ച പുരുഷനെ തലകീഴായ് നിര്‍ത്തിയ സാറാമ്മയ്ക്കും പകരം വയ്ക്കാന്‍ ലോകസാഹിത്യത്തില്‍ പോലും നായികമാരുണ്ടാവില്ല.

ഡോ. റൊണാള്‍ഡ് ഇ. ആഷര്‍ എന്ന ബഹുഭാഷാപണ്ഡിതന്റെ വിവര്‍ത്തനങ്ങളിലൂടെ ബഷീര്‍ നോവലുകളും നിരവധി കഥകളും ഇംഗ്ലീഷ് ഭാഷയിലും കുടിയേറി. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച 'Me Grandad 'ad an Elephant' എന്ന സമാഹാരം 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്!', 'ബാല്യകാലസഖി', 'പാത്തുമ്മാടെ ആട്' എന്നീ നോവലുകള്‍ ചേര്‍ന്നതാണ്. വിവര്‍ത്തനത്തിനു വഴങ്ങാത്ത ബഷീര്‍ ഭാഷയെക്കുറിച്ച് ആഷര്‍ വാചാലനാകുന്നുണ്ട്. മലയാളത്തിലെ നിരവധി പദങ്ങള്‍ കോളിന്‍സ് ഇംഗ്ലീഷ് ഡിക്ഷ്ണറിയിലും ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയിലും എന്‍സൈക്ലോപീഡിയയിലും എത്തിയത് ആഷറിന്റെ വിവര്‍ത്തനത്തോടെയാണ്.
കായി അബ്ദുറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായി 1908 ജനുവരി 21ന് തലയോലപ്പറമ്പില്‍ ജനിച്ച മുഹമ്മദ് ബഷീര്‍ എന്ന ഈ എഴുത്തുകാരന്‍ തലയോലപ്പറമ്പെന്ന ദേശത്തെ 'മ്മിണി ബെല്യ' ദേശമായി, പ്രപഞ്ചത്തിന്റെ പരിഛേദമാക്കി രൂപാന്തരപ്പെടുത്തി. ബഷീര്‍ കുടുംബത്തിലെ അംഗങ്ങളെല്ലാം - ബാപ്പയും ഉമ്മയും, അബ്ദുള്‍ഖാദര്‍, ഹനീഫ, അബൂബക്കര്‍, പാത്തുമ്മ, ആനുമ്മ, അവരുടെ അനന്തരതലമുറയായ കദീജ, പാത്തുക്കുട്ടി, റഷീദ് തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ബഷീറിന്റെ സാഹിത്യലോകത്തെ നിത്യവിസ്മയങ്ങളാണ്.
ബഷീര്‍ സ്മാരക സമിതി, ബഷീര്‍ അമ്മമലയാളം സാഹിത്യസാംസ്കാരിക കൂട്ടായ്മ, ബഷീര്‍ സ്മാരക ട്രസ്റ്റ്, ഇവയ്ക്കൊപ്പം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളും തലയോലപ്പറമ്പില്‍ സുല്‍ത്താനോടുള്ള ആദരവിന്റെ അടയാളങ്ങളാണ്.

Sunday, July 3, 2016

ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം.




ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അതിന് ശേഷം ഒട്ടേറെ ലഹരി വിരുദ്ധ ദിനങ്ങൾ കടന്നു പോയെങ്കിലും രാജ്യാതിർത്തികൾക്കും, മത വിശ്വാസങ്ങൾക്കുമപ്പുറം ലോക വ്യാപകമായി ഇവയുണർത്തുന്ന അപകടങ്ങളെ തരണം ചെയ്യാൻ നമുക്കിനിയും ആയിട്ടില്ല.

ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്


ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്....


കാവാലം നാരായണപ്പണിക്കര്‍




കേരളത്തിലെ സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളിൽ ഒട്ടനവധി സംഭാവനകൾ നൽകിയ,  ഒരു അദ്വിതീയപ്രതിഭയാണു് ശ്രീ കാവാലം നാരായണപ്പണിക്കർ. നാടകപ്രസ്ഥാനത്തിനു് ആരോഗ്യകരമായ വികാസപരിണാമങ്ങൾ നൽകുന്നതിൽ മാത്രമല്ല, നാടൻ കലകളുടെ കാര്യത്തിലും കാവ്യരംഗത്തും, സിനിമാഗാനരചനയുടെ മണ്ഡലത്തിലും സാഹിത്യരംഗത്തൊട്ടാകെത്തന്നെയും തനതായ സംഭാവനകൾ നൽകിക്കൊണ്ടിരുന്നവരിൽ മുൻ‌പന്തിയിൽ നിൽക്കുന്നു ഇദ്ദേഹം. നാടകകൃത്ത്, കവി, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെ പല നിലകളിലും ആറു ദശാബ്ദക്കാലത്തിലേറെയായി കേരളത്തിന്റെ കലാ,സാംസ്കാരികമണ്ഡലങ്ങളിൽ അദ്ദേഹം നിറഞ്ഞു നിൽക്കുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യം നിറഞ്ഞ, പക്ഷെ ഇപ്പോൾ നിർജ്ജീവതയെ നേരിടുന്ന, സംസ്കൃതനാടകപാരമ്പര്യത്തിനു് ജീവന്‍റെ പുതുനാമ്പുകൾ നൽകുന്നതിനോടൊപ്പം, നാടൻ പാട്ടും, നാട്ടരങ്ങും, നാടൻ കലാരൂപങ്ങളും ഒക്കെ സമ്മിശ്രണം ചെയ്തു് തനതു നാടകവേദിക്കു് ജീവൻ നൽകുന്നതിലും വിജയിച്ച ഈ അനുഗൃഹീത കലാകാരൻ കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തില്‍ പ്രശസ്തമായ ‘ചാലയിൽ’ കുടുംബത്തിൽ 1928 ഏപ്രില്‍ 28- നു ജനിച്ചു. അച്ഛൻ ശ്രീ ഗോദവർമ്മ, അമ്മ ശ്രീമതി കുഞ്ഞുലക്ഷ്മി അമ്മ. പ്രശസ്ത നയതന്ത്രജ്ഞനും കവിയും ചരിത്രകാരനുമായിരുന്ന ശ്രീ സർദാർ കെ. എം. പണിക്കർ അദ്ദേഹത്തിന്‍റെ അമ്മാവനായിരുന്നു. പ്രശസ്ത കവിയും അദ്ധ്യാപകനും സാഹിത്യകാരനുമായിരുന്ന ശ്രീ കെ. അയ്യപ്പപ്പണിക്കർ അടുത്ത ബന്ധുവും.
നെൽ‌പ്പാടങ്ങളും പുഴകളും ഒക്കെ നിറഞ്ഞ, കേരളത്തിന്റെ നെല്ലറയായിരുന്ന, പ്രകൃതിഭംഗി നിറഞ്ഞ, കുട്ടനാട്ടിലെ ജീവിതം ബാല്യകാലത്തു തന്നെ അദ്ദേഹത്തിലെ കവിയേയും പാട്ടുകാരനേയും നാടകകാരനേയും വളർത്തി. വള്ളപ്പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈണവും താളവും അദ്ദേഹത്തിന്റെ മനസ്സിൽ കവിതയും ഗാനവും സംഗീതവും സൃഷ്ടിച്ചു. അച്ഛൻ ശ്രീ ഗോദവർമ്മയാണു് അദ്ദേഹത്തെ സാഹിത്യത്തിന്റെ ലോകത്തേക്കു് പ്രോത്സാഹിപ്പിച്ചു കൊണ്ടുവന്നതു്. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ, ഇതിഹാസകൃതികളുടെയും മഹാകാ‍വ്യങ്ങളുടെയും ലോകങ്ങളിലൂടെ തന്റെ ബാല്യ, കൌമാരങ്ങളിൽ അദ്ദേഹം സഞ്ചരിച്ചു. കാ‍വാലത്തെയും പുളിങ്കുന്നിലെയും വിദ്യാലയങ്ങളിൽ നിന്നുള്ള പഠനം കഴിഞ്ഞു് കോട്ടയം സി.എം.എസ് കോളേജ് (ഇന്റർമീഡിയറ്റ്), ആലപ്പുഴ എസ്. ഡി. കോളേജ് (ബി.എ. എക്കണോമിക്സ്), മദ്രാസ് ലോ കോളേജ് (നിയമബിരുദം) എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1955 മുതല്‍ വക്കീല്‍ ആയി ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. ആറു വർഷം അതു തുടർന്നു. അഭിഭാഷകവൃത്തിക്കൊപ്പം കുട്ടിക്കാലം മുതൽ തന്നോടൊപ്പമുള്ള കവിതാരചനയും നാടന്‍ കലകള്‍, നാടകം തുടങ്ങിയവയിലെ പ്രവര്‍ത്തനങ്ങളും തുടർന്നു.
1961ൽ കേരളസംഗീതനാടക അക്കാദമി സെക്രട്ടറി ആയി നിയമിതനായി തൃശ്ശൂരേക്കു് തന്‍റെ പ്രവർത്തനരംഗം മാറ്റിയതു മുതൽ കലാ, സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുവൻ സമയം ചെലവഴിച്ചു തുടങ്ങി. സംസ്ഥാനത്തു നിന്നും പുറത്തു നിന്നുമുള്ള ധാരാളം കലാകരന്മാരുമായി പരിചയപ്പെടുവാനും, വൈവിദ്ധ്യത നിറഞ്ഞ ഒട്ടനവധി കലാരൂപങ്ങളുമായി ഇടപഴകാനും അങ്ങനെ എല്ലാ തരത്തിലും തന്റെ അനുഭവചക്രവാളങ്ങൾ വികസിതമാക്കാനും തന്റെ അക്കാദമിജീവിതം അദ്ദേഹത്തിനു സഹായകരമായി. അതൊടൊപ്പം അക്കാദമി പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിലും, കേരളത്തിന്റെ സമൃദ്ധവും സമ്പന്നവുമായ സാംസ്ക്കാരികപ്പഴമയും തനിമയും വെളിവാക്കുന്ന ഒട്ടനവധി ഉത്സവങ്ങൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം നേതൃത്വം വഹിച്ചു. നാടകരംഗത്തെ അദ്ദേഹത്തിന്റെ സജീവസാന്നിദ്ധ്യം അങ്ങനെയാണു് ആരംഭിക്കുന്നതു്.
സംഗീതപ്രധാനമായ നാടകങ്ങളിൽ നിന്നു തുടങ്ങിയ അദ്ദേഹം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങളും ഗവേഷണങ്ങളും നടത്തി. അരവിന്ദൻ, സി.എൻ. ശ്രീകണ്ഠൻ നായർ, എം. ഗോവിന്ദൻ, ഡോ: അയ്യപ്പപണിക്കർ‍ തുടങ്ങിയവരുമായുള്ള അടുപ്പവും ബന്ധവും നാടകരംഗത്തു് കൂടുതൽ പരീക്ഷണങ്ങൾ ചെയ്യുവാനുള്ള ഒരു പ്രചോദനമായി മാറി. “തനതുനാടകവേദി” എന്ന അദ്ദേഹത്തിന്റെ പരീക്ഷണം അന്നുവരെ കേരളം കണ്ടു വന്ന നാടകരീതികളിൽ നിന്നുള്ള ഒരു വലിയ മാറ്റമായിരുന്നു. നമ്മുടെ പാരമ്പര്യത്തിലും പൈതൃകത്തിലും കേന്ദ്രീകരിച്ചുള്ള ഒരു നാടകവേദി. കാക്കാരിശ്ശിനാടകം പോലെയുള്ള നാടോടി നാടകരൂപങ്ങളുടേയും, കൂടിയാട്ടം, കഥകളി തുടങ്ങിയ രംഗകലകളുടേയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടേയും ചുവടു പിടിച്ചുള്ള സവിശേഷമായ ഒരു അഭിനയരീതിയാണ് തനതുനാടകവേദിയുടെ അടിത്തറ. സാക്ഷി, തിരുവാഴിത്താൻ, ദൈവത്താർ, അവനവൻ കടമ്പ തുടങ്ങി അനവധി നാടകങ്ങൾ അദ്ദേഹം രചിച്ചതോ രചിച്ചു സംവിധാനം ചെയ്തവയോ ആയിട്ടുണ്ടു്. അദ്ദേഹം തുടങ്ങി വെച്ച നാടക സമിതിയായ തിരുവരങ്ങിന്റെ ആഭിമുഖ്യത്തിലായിരുന്നു മിക്കവാറും നാടകങ്ങളൊക്കെ പുറത്തു വന്നതു്. അതു കൂടാതെ കേരള കലാമണ്ഡലം, കാളിദാസ അക്കാദമി, നൃത്തലയ ഈസ്‌തെറ്റിക്‌ സൊസൈറ്റി, നാഷണൽ സ്‌കൂൾ ഒഫ്‌ ഡ്രാമ എന്നിങ്ങനെ മറ്റു സ്ഥാപനങ്ങൾക്കു വേണ്ടി പത്തിലേറെ നാടകങ്ങൾ സംവിധാനം ചെയ്‌തു. ഇരുപതിലേറെ നാടകങ്ങളും കുട്ടികൾക്കായി കുമ്മാട്ടി, ചക്കീചങ്കരം തുടങ്ങി അഞ്ചു് നാടകങ്ങളും രചിച്ചു. ഭാസന്റേതുൾപ്പെടെ ഒട്ടനേകം നാടകങ്ങൾ മലയാളത്തിലേക്കു് വിവർത്തനം ചെയ്തു. മദ്ധ്യമവ്യായോഗം, കർണ്ണഭാരം, ദൂതകാവ്യം തുടങ്ങി ചില പ്രസിദ്ധസംസ്കൃതനാടകങ്ങളും അദ്ദേഹം വേദിയിൽ സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ടു്. മോഹൻ‌ലാൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ‘കർണ്ണഭാരം’ അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സംസ്കൃതനാടകമായിരുന്നു.
കേരളത്തിന്റെ തനതുസംഗീതരൂപമായ സോപാനസംഗീതത്തിന്റെ അകമ്പടിയോടെ മോഹിനിയാട്ടം അവതരിപ്പിക്കാൻ നടത്തിയ നൃത്തപരീക്ഷണങ്ങളും വളരെ ശ്രദ്ധ നേടി. ഡോ: കനക് റെലെ, ഭാരതി ശിവജി തുടങ്ങിയ മോഹിനിയാട്ടനർത്തകർ അദ്ദേഹത്തിന്റെ ഈ പരീക്ഷണത്തിനു് വളരെ സഹായങ്ങൾ ചെയ്തു. ഗ്രീക്ക് നാടകവേദിയുമായി ചേർന്നു് രാമായണവും ഗ്രീക്ക് ക്ലാസ്സിക്ക് ആയ ഇലിയാഡും തമ്മിൽ സംയോജിപ്പിച്ചു് അവതരിപ്പിച്ച ‘ഇലിയാണ’ അവിസ്മരണീയമായ മറ്റൊരു പരീക്ഷണാവതരണമായിരുന്നു. കാവ്യ, ചലച്ചിത്രഗാന രംഗങ്ങളിൽ അദ്ദേഹത്തിന്റെ കാൽ‌വെയ്പ്പുകളും വളരെ വിജയകരമായിരുന്നു. ‘ആലായാല്‍ തറ വേണം’, ‘വടക്കത്തിപ്പെണ്ണാള്‍’, ‘കറുകറെ കാര്‍മുകില്‍’, ‘കുമ്മാട്ടി’, ‘അതിരു കാക്കും മലയൊന്ന് തുടുത്തേ’ തുടങ്ങിയ അദ്ദേഹത്തിന്റെ നാടോടിത്താളമുള്ള കവിതകള്‍ ഏറെ ജനകീയങ്ങളാണു്. 1978-ൽ ഭരതന്റെ ‘രതിനിർവ്വേദ’ത്തിനു വേണ്ടിയാണു് അദ്ദേഹം ആദ്യമായി ചലച്ചിത്രഗാനങ്ങൾ എഴുതുന്നതു്. അന്നു മുതൽ ഇന്നു വരെ അറുപതിലേറെ ചിത്രങ്ങൾക്കു് അദ്ദേഹം ഗാനങ്ങളെഴുതി. ശ്രീ എം. ജി. രാധാകൃഷ്ണനുമായി ചേർന്നാണു് അദ്ദേഹം ഏറ്റവുമധികം ചലച്ചിത്രഗാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നതു്. സിനിമാഗാനങ്ങൾ കൂടാതെ വളരെ ജനപ്രീതി നേടിയ, ഇപ്പോഴും നിത്യഹരിതമായി തുടരുന്ന, ഒട്ടനവധി ലളിതഗാനങ്ങളും അദ്ദേഹത്തിന്റെ രചനയിൽ പുറത്തു വന്നിട്ടുണ്ടു്.
കേരള സാഹിത്യ അക്കാദമിയുടെ നിരവധി അവാർഡുകൾ, കേരള സംസ്‌ഥാന സാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവാർഡ്‌, മദ്ധ്യ​പ്രദേശ്‌ സർക്കാരിന്റെ കാളിദാസസമ്മാനം, നന്ദികർ നാഷണൽ അവാർഡ്‌, സംഗീതനാടക അക്കാദമിയുടെ നാഷണൽ അവാർഡ്‌ എന്നിങ്ങനെ നാടകരചനകൾക്കും, മറ്റു കലാപ്രവർത്തനങ്ങൾക്കും ഉള്ള അംഗീകാരമായി ധാരാളം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടു്. 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി കേന്ദ്രസർക്കാർ അദ്ദേഹത്തെ ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു.
തിരുവനന്തപുരത്തു് തൃക്കണ്ണാപുരത്താണു് തന്‍റെ കലാ സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളിൽ സജീവത നിലനിർത്തിക്കൊണ്ടു് ശ്രീ. കാവാലം കുടുംബസമേതം താമസിക്കുന്നതു്. ശ്രീമതി ശാരദാമണിയാണു് ഭാര്യ. പരേതനായ കാവാലം ഹരികൃഷ്ണന്‍, പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ കാവാലം ശ്രീകുമാര്‍ എന്നിവരാണു് മക്കള്‍.

Monday, June 20, 2016

വായനയിലൂടെ വളരാൻ പഠിപ്പിച്ച പി.എൻ.പണിക്കർ.



ഭാരതത്തിലെ മറ്റേതെങ്കിലുമൊരു സംസ്ഥാനത്തിന് സ്വപ്നം കാണാനാവാത്തതാണ് സാക്ഷരതയിലും ഗ്രന്ഥശാലാ സൗകര്യത്തിലും കേരളത്തിലുണ്ടായ പുരോഗതി. ഒരു ജനതയുടെ സംസ്കാരവും സാക്ഷരതയും സാമ്പത്തിക സാമൂഹ്യ വികസനവും ഒക്കെ ഗ്രന്ഥശാലകളാൽ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് കേരളത്തിലെ ഗ്രാമങ്ങൾ. ഗ്രന്ഥശാലാ സാക്ഷരതാ പ്രസ്ഥാനങ്ങൾക്കു വേണ്ടി പുരുഷായുസ്സ് മുഴുവൻ യത്നിച്ച പി.എൻ.പണിക്കരോട് കേരളം ഇന്നത്തെ, രാഷ്ട്രീയ, , സാമ്പത്തിക, സാമൂഹ്യ സ്ഥിതിക്ക് കടപ്പെട്ടിരിക്കുന്നു.

കുട്ടനാട്ടെ നീലംപേരൂർ ഗ്രാമത്തിൽ പുതു വായിൽ കുടുംബത്തിൽ 1909 മാർച്ച് 1 നാണ് പി.എൻ.പണിക്കർ ജനിച്ചത്. ഗോവിന്ദപ്പിള്ളയും ജാനകിയമ്മയുമായിരുന്നു മാതാപിതാക്കൾ. ഗ്രാമത്തിലും ചങ്ങനാശേരി വാഴപ്പിള്ളിയിലുമായിരുന്നു സ്കൂൾ പഠനം. 

ചെറുപ്പത്തിൽ തന്നെ പണിക്കർ വായനാ പ്രിയനായിരുന്നു. പതിനഞ്ചാമത്തെ വയസിൽ തറവാടിനടുത്ത നിലംപേരൂർ ലോവർ സ്കൂളിൽ അധ്യാപകനായി. ഗ്രാമത്തിൽ ഒരു വായനശാല സ്ഥാപിക്കാനുള്ള ശ്രമം അദ്ദേഹം ആരംഭിച്ചു. അവിടുത്തെ യുവാക്കൾ ആ പതിനേഴുകാരന്റെ നേതൃത്വത്തിൽ മഹത്തായ സംരംഭത്തിനു വേണ്ടി ഒത്തുചേർന്നു. 1926 ൽ നീലംപേരൂർ സനാതന ധർമ വായനശാല അങ്ങനെ രൂപം കൊണ്ടു. പതിനേഴുകാരനായ നാരായണൻ തന്നെയാണ് അവിടെ ഒത്തുകൂടിയ കുട്ടികളും വൃദ്ധരും വിദ്യാർത്ഥികളും അധ്യാപകരും കൃഷിക്കാരുമടങ്ങിയ സദസിനെ സ്വാഗതം ചെയ്ത് ആമുഖപ്രസംഗം നടത്തിയത്.

നീലംപേരൂർ ക്ഷേത്രത്തിനു സമീപത്തെ ആൽത്തറയിൽ നിന്നും തുടങ്ങിയ വായനയുടെയും ചർച്ചകളുടെയും വിനോദത്തിന്റെയും ദിനങ്ങൾ നൽകിയ സ്വപ്നം ഇന്നിവിടെ സാക്ഷാത്കരിക്കപ്പെടുന്നു. 1930ൽ അദ്ദേഹം അമ്പലപ്പുഴ ആമ യി ട മാളിയേക്കപ്പറമ്പിൽ ചെമ്പകക്കുട്ടിയമ്മയെ വിവാഹം കഴിച്ച് അമ്പലപ്പുഴ സ്കൂളിലേക്ക് സ്ഥലമാറ്റം ലഭിച്ചതോടെ പണിക്കരുടെ പ്രധാന പ്രവർത്തന രംഗം അമ്പലപ്പുഴയായി. 

സാഹിത്യ സാംസ്കാരിക രംഗങ്ങളാൽ അന്ന് കേരളത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ പല മഹാത്മാക്കളുടെയും നാടായ അമ്പലപ്പുഴയിൽ ഒരു ഗ്രന്ഥശാലയും സാംസ്കാരിക കേന്ദ്രവും വേണം എന്ന ആഗ്ര ഹവുമായി പണിക്കർ അവിടെ പ്രവർത്തനം തുടങ്ങി.  അമ്പലപ്പുഴ ക്ഷേത്രത്തിനടുത്ത് ഒരു ചെറിയ ഓല മേഞ്ഞ ഷെഡ് ഒരു രൂപ വാടകയ്ക്കെടുത്താണ് അദ്ദേഹം പി.കെ .സ്മാരക വായനശാലയുടെ പ്രവർത്തനം തുടങ്ങിയത്. സ്വാതന്ത്ര്യസമര സേനാനി കെ.കെ. കുഞ്ചു പിള്ളയുൾപ്പെടെ പത്തുപേരാണ് 1931 ലെ ആദ്യ യോഗത്തിൽ പങ്കെടുത്തത്. പി.എൻ.പണിക്കർ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സാഹിത്യ പഞ്ചാനനൻ പി.കെ.നാരായണപിള്ളയുടെ ശാശ്വത സ്മരണ നിലനിർത്താനാണ് ഗ്രന്ഥശാലയ്ക്ക് ആ പേരു നൽകിയത്.

ഇന്നത്തെ സംഘടിത ഗ്രന്ഥശാലാ സംഘത്തിന്റെ പിറവി പി.എൻ.പണിക്കരിലൂടെ ഉണ്ടായി. ഏവുർഗ്രസ്ഥശാലയിലെ കെ.എം.കേശവൻ പ്രസിഡൻറും പി.എൻ.പണിക്കർ സെക്രട്ടറിയുമായി ഒരു പ്രവർത്തക സമിതി രൂപവൽക്കരിക്കപ്പെട്ടു. തിരുവിതാംകൂർ, കൊച്ചി . മലബാർ എന്നീ സംസ്ഥാനങ്ങളിൽ 1930 മുതൽ വിവിധ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ ഗ്രന്ഥശാലകളുടെ ഏകോപനം[4:50 AM, 6/20/2016] +91 94977 60480: യാഥാർഥ്യമാക്കുവാൻ പല ഗ്രന്ഥശാല സംഘങ്ങളും ആരംഭിക്കുകയുണ്ടായി. കേളപ്പൻ, കെ. ദാമോദരൻ എന്നിവരുടെ നേതൃത്വം എടുത്തു പറയേണ്ടതാണ്. എന്നാൽ ഇവയെല്ലാം ഫലപ്രദമാകാതെ അകാലത്തിൽ പ്രവർത്തനരഹിതമായി അമ്പലപ്പുഴയിൽ 47 ഗ്രന്ഥ ശാലകളെ സംഘടിപ്പിച്ച് | 945ൽ പി.എൻ.പണിക്കർ തുടങ്ങിയ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘമാണ് ഇന്ന് കേരളത്തിനഭിമാനമായ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനം. 

1956 ൽ തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർന്ന് കേരള സംസ്ഥാനം രൂപവൽക്കരിക്കപ്പെട്ടതോടെ ഈ സംഘം കേരള ഗ്രന്ഥശാലാ സംഘമായി

1970 ൽ കേരള ചരിത്രത്തിലാദ്യമായി വായിച്ചു വളരുക - ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യവുമായി കാസർഗോഡ് മുതൽ കന്യാകുമാരി വരെ ഒരു സാംസ്കാരിക യാത്ര പി.എൻ.പണിക്കരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അന്നുവരെ അവകാശങ്ങൾക്കും പ്രക്ഷോപങ്ങൾക്കും മാത്രമാണ് ജനകീയ യാത്രകൾ കേരളത്തിൽ സംഘടിപ്പിച്ചിരുന്നത്.

1977 ആയപ്പോഴേക്കും ഗ്രന്ഥശാലകളുടെ എണ്ണം നാലായിരത്തിലധികമായി . 1977 മാർച്ചിൽ ഗ്രന്ഥശാലാ സംഘത്തെ സർക്കാർ ഏറ്റെടുത്ത് കേരള ലൈബ്രറി കൗൺസിൽ എന്നു പുനർനാമകരണം ചെയ്തുവെങ്കിലും കേരള ഗ്രന്ഥശാലാ സംഘമെന്ന പേര് നില നിർത്തി. തികച്ചും ജനാധിപത്യ രീതിയിൽ പ്രവർത്തിച്ചു വന്ന സംഘത്തിന്റെ തെരഞ്ഞെടുത്ത സെക്രട്ടറിയായി 33 വർഷം തുടർച്ചയായി പണിക്കർ സാരഥ്യം അരുളി പ്രസ്ഥാനത്തിനു ശക്തി നൽകി. ചില തത്പര കക്ഷികളുടെ താത്പര്യത്തിൽ സംഘർഷ വേദിയായ ഗ്രന്ഥശാലാ പ്രസ്ഥാനം കൂടുതൽ ചൈതന്യമാക്കുവാൻ സംഘത്തിന്റെ ഭരണ സമിതി പിരിച്ചുവിട്ട് ഗ്രന്ഥശാലകളുടെ ഭരണം ഗവൺമെന്റ് ഒരു കൺട്രോൾ ബോർഡിനെ ഏൽപ്പിച്ചു. അതിന്റെയും ആദ്യകാല സെക്രട്ടറി പി.എൻ.പണിക്കർ തന്നെയായിരുന്നു.

ഇന്ന് ഗ്രന്ഥശാലാ സംഘം ഏഴായിരത്തോളം ഗ്രന്ഥശാലകളുള്ള ഒരു മഹാ പ്രസ്ഥാനമാണ്. ഗ്രന്ഥശാലകളെ ജനകീയ ഭരണസംവിധാനത്തിന്റെ ചെറിയ മാതൃകകളാക്കി മാറ്റിയ അദ്ദേഹം ഗ്രാമീണരുടെ പുരണമായ പങ്കാളിത്തവും സുതാര്യമായ പ്രവർത്തനവും ഉറപ്പാക്കി. കേരളത്തിൽ ഇന്ന് ഒരു കോടിയിലധികം പേർ ഗ്രാമീണ ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിൽ ഭാഗഭാക്കാകുന്നു. ലോകം കണ്ടിട്ടുള്ള അടിത്തട്ടിൽ നിന്ന് ഉയർന്നു വന്ന ബൃഹത്തായ ജനകീയ പ്രസ്ഥാനങ്ങളിൽ ഏറ്റവും മഹത്തായതാണ് പണിക്കർ കെട്ടിപ്പടുത്ത ഗ്രന്ഥശാലാ ശൃംഖലയുമെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

പി.എൻ.പണിക്കർ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. 1948 ൽ ഗ്രഫ ലോകം മാസിക തുടങ്ങുന്നതിന് നേതൃത്വം നൽകിയത് അദ്ദേഹമാണ്. കാൻഫെഡ് ന്യൂസ്, നാട്ടു വെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപരായിരുന്നു. ഗ്രാമീണർക്കുവേന്നിലുള്ള പുIസ്തകങ്ങളായിരുന്നു അദ്ദേഹം രചിച്ചവയിൽ പലതും തിരുവിതാംകൂർ ഗ്ര സ്ഥശാലാ സംഘത്തിന്റെ സെക്രട്ടറിയായ അന്നു മുതൽ മരണം വരെ അദ്ദേഹം കാസർഗോഡ് മുതൽ പാറശാലവരെ നിരവധി പദയാത്രകൾ നടത്തി. 1994 ൽ ഗ്രന്ഥശാലാ സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പദയാത്രയുടെ മുൻ നിരയിലും 85 വയസുകാരനായ പണിക്കർ യുവാക്കൾക്കൊപ്പമുണ്ടായിരുന്നു. 1995 ജൂൺ 19 ന് അദ്ദേഹം പ്രവർത്തനനിരതനായിരിക്കേ തന്നെ അന്തരിച്ചു.

 പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാ വർഷവും കേരളത്തിൽ വായനദിനമായി ആചരിക്കുവാൻ ഇ.കെ.നായനാർ സർക്കാർ 1996 ൽ തീരുമാനിച്ചു. വായനദിനത്തിന് മലയാളികൾ നൽകിയ ആവേശകരമായ സ്വീകരണം നിമിത്തം രണ്ടായിരമാണ്ട് മുതൽ ജൂൺ 18 മുതൽ 25 വരെ ഒരാഴ്ച വായനവാരമായി ആഘോഷിക്കുവാനും സർക്കാർ തീരുമാനിക്കുകയുണ്ടായി. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി കേന്ദ്ര സർക്കാർ 2004 ജൂൺ 19 വായനാ ദിവസം തപാൽ സ്റ്റാംപ് പുറത്തിറക്കി. അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 1 സാമൂഹ്യ പ്രവർത്തക ദിനമായി കേരളത്തിൽ ആഘോഷിച്ചുവരുന്നു.

കടപ്പാട്  ഡോ. ആര്‍. രാമചന്രന്‍ നായര്‍, സമകാലിക ജനപഥം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്

Wednesday, June 15, 2016

വായന ദിനം സ്കൂളില്‍ നടത്താവുന്ന ചില പ്രവര്‍ത്തനങ്ങൾ



1.പ്രത്യേക എസ് ആര്‍ ജി യോഗം , വായനാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം
2.വായനാദിനം - പ്രത്യേക അസംബ്ലി , വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ ഒരു അതിഥി , വായനാപ്രതിഞ്ജ , പുസ്തകപരിചയം , ........
3.പുസ്തക സെമിനാര്‍ ( കുട്ടികൾ മിക്കവാറും വായിച്ചു കഴിഞ്ഞ അവര്‍ക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത് . സെമിനാറില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കണം  )
4..പുസ്തക പ്രദര്‍ശനം  - പുസ്തകങ്ങള്‍ ഇനം തിരിച്ചു കുട്ടികള്‍ക്ക് നേരിട്ട് എടുത്തു നോക്കാന്‍ പാകത്തിന് ക്രമീകരിക്കണം . ഓരോ വിഭാഗത്തെയും പരിചയപ്പെടുത്താന്‍ കൂട്ടുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കണം . പുസ്തക ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ്
5.അഭിമുഖം - പ്രാദേശിക കവികള്‍ , സാഹിത്യകാരന്മാര്‍
6.പുസ്തകകുറിപ്പുകള്‍ , പുസ്തക ഡയറി

7.മഹത്ഗ്രന്ഥങ്ങളുടെ പാരായണം
8.സാഹിത്യ ക്വിസ് മത്സരം
9.വായന മത്സരം,
10.വിശകലനാത്മക വായന ,വരികല്‍ക്കിടയിലൂടെയുള്ള വായനാ - പ്രത്യേക വായനാ പരിശീലനം
11.അനുസ്മരണ പ്രഭാഷണം
12.പുസ്തകതാലപ്പൊലി
13.വായനാ സാമഗ്രികളുടെ പ്രദര്‍ശനം
14.കുട്ടികള്‍ പത്രമാസികകള്‍ കൊണ്ട് തയ്യാറാക്കിയപുസ്തകമരം
15.വായനാവാരം കുട്ടികളുടെ പത്രം  (ക്ലാസ്സ്‌ തലം )
16.സാഹിത്യപ്രശ്നോത്തരി,
17പുസ്തകാസ്വാദന മത്സരം
18.ഇന്‍ലാന്‍റ് മാഗസിന്‍, ചുമര്‍ മാഗസിന്‍
19വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
20.പോസ്റ്റര്‍ തയ്യാറാക്കല്‍
21.സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്‍.
22.സ്കൂളുകളിലെ വായനാ സംസ്കാരം -സെമിനാര്‍
23 ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍ മത്സരം
24.ഇ വായന' സാധ്യത കണ്ടെത്തല്‍
25.വായനാക്കുറിപ്പുകളുടെ പതിപ്പ്
26.പത്രവായന
27.കാവ്യകൂട്ടം.
28.ആല്‍ബം തയ്യാറാക്കല്‍: പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയല്‍ ക്ലാസുകളില്‍ പ്രയോജനപ്പെചുത്താവുന്ന ആല്‍ബം രൂപകല്പനചെയ്യല്‍.
29.ലൈബ്രറി കൌണ്‍സില്‍ രൂപീകരണം ( ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കൂട്ടുകാര്‍ വീതം - വർഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും കൌണ്‍സില്‍ കൂടി ആസൂത്രണം ചെയ്യണം . പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും )
30.ക്ലാസ്സ്തല വായനമൂല  ക്രമീകരണം .
പി എന്‍ പണിക്കര്‍ ( ടൈം ലൈന്‍ )
1909 - ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു . മുഴുവന്‍ പേര് പുതുവായില്‍ നാരായണപ്പണിക്കര്‍ 
1926 - തന്റെ ജന്മനാട്ടില്‍ സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു . 
1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി 
1946 - ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു തുടങ്ങി 
1977 - ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു 
1995 - പി എന്‍ പണിക്കര്‍ അന്തരിച്ചു  
അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത്‌  വായനാദിനമായി ആചരിക്കുന്നു . ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും ആയിരുന്ന പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ് ആക്ട് .



 പി.എന്‍ പണിക്കര്‍  
പുസ്തകങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഒരു വലിയ മനുഷ്യന്‍െറ ചരമദിനത്തിന്‍െറ ഓര്‍മ്മയ്ക്കായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലം വായനാദിനമായി ആഘോഷിക്കുന്നത്. പി.എന്‍ പണിക്കര്‍ എന്ന പുതുവായില്‍ നാരായണ പണിക്കര്‍ കേരളത്തിന് നല്‍കിയ സംഭാവനയാണ് കേരള ഗ്രന്ഥശാലാ പ്രസ്ഥാനം. അതുകൊണ്ടാണ് ആ മഹാന്‍െറ ഓര്‍മ്മയ്ക്കായി കേരളം ഈ വായനാ വാരം കൊണ്ടാടുന്നത്. മലയാളിയെ അക്ഷരത്തിന്‍െറയും വായനയുടെയും മുറ്റത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പി.എന്‍ പണിക്കര്‍ പിറന്നത് 1909 മാര്‍ച്ച് ഒന്നിന് കോട്ടയം ജില്ലയിലായിരുന്നു. പിതാവ് ഗോവിന്ദപ്പിള്ളയും മാതാവ് ജാനകിയമ്മയും. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് അദ്ദേഹം നാട്ടില്‍ കേരളത്തിലെ ആദ്യ ഗ്രനഥശാലയായ‘ സനാതന ധര്‍മ്മ’ വായനശാല തുടങ്ങി. വായിക്കാനായി അന്നത്തെ തലമുറയോട് ആഹ്വാനം ചെയ്തുകൊണ്ട് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും അതിനായി നിരന്തര യാത്രകള്‍ ചെയ്യുകയും ചെയ്തു. കുട്ടികളോട് ‘വായിച്ച് വളരാന്‍’ അദ്ദേഹം സ്നേഹപൂര്‍വം ആഹ്വാനം ചെയ്തു.
1945 സെപ്തംബറില്‍ പി.എന്‍ പണിക്കര്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. ിതാകട്ടെ കേരളത്തിലെ വായനശാലകളുടെ ആദ്യ കൂട്ടായ്മ കൂടിയായിരുന്നു. 1958 ല്‍ അദ്ദേഹം കേരള ഗ്രന്ഥശാലാസംഘം ഉണ്ടാക്കി. 1970 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പി.എന്‍ പണിക്കര്‍ വായനയുടെ പ്രാധാന്യം ജനത്തെ ഉണര്‍ത്താനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സാംസ്കാരിക കാല്‍നട ജാഥ നടത്തി.വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്നതായിരുന്നു ആ ജാഥയുടെ മുദ്രാവാക്ക്യം.വായനയുടെ ലോകം സാദ്ധ്യമാകണമെന്നും ഗ്രന്ഥശാലകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെന്നും ആ മഹാന്‍ വളരെയോറെ ആഗ്രഹിച്ചിരുന്നു. ആ കഠിന പ്രയത്നത്തിന്‍െറ ഫലമാണ് ഇന്ന് കേരളത്തിലുള്ള വായനശാലകള്‍. പുസ്തകങ്ങള്‍ വായിക്കുക എന്ന ശീലം ഈ വായനാചരണ വാരത്തില്‍ ആരംഭിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാന്‍ മുതിര്‍ന്നവരും തയ്യാറാകണം. ഒപ്പം മുതിര്‍ന്നവരും പുസ്തകങ്ങള്‍ വായിക്കണം..അങ്ങനെയുടെ വായനയുടെ പൂക്കാലം മലയാളത്തില്‍ മടങ്ങിവരട്ടെ..

Monday, June 13, 2016

ജൂണ്‍ 14 ലോക രക്തദാതാക്കളുടെ ദിനം



രക്തദാനം മഹത്തരമാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെ ജൂണ്‍ 14 ന് ആണ് ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നത്. രക്തദാനത്തെ സംബന്ധിച്ചുള്ള അജ്ഞതയും അകാരണമായ ഭയവും പൊതുജനങ്ങളില്‍ നിന്ന് ഇല്ലാതാക്കുകയും സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ ലാന്‍റ്സ്റ്റെയ്നര്‍ എന്ന ശാസ്ത്രജ്ഞന്‍റെ ജന്മദിനമാണ് ജൂണ്‍ 14 . അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് അന്നേ ദിവസം രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നത്.

Sunday, June 12, 2016

ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനം

മുരടിക്കുന്ന ബാല്യങ്ങള്‍





ഒരു വികസ്വര രാജ്യമാണ് നമ്മുടെ നാടെങ്കിലും ഇവിടെ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം ഓരോ ദിവസവും ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുന്നു. ബാലവേല അനവധി രാജ്യാന്തര സംഘടനകളാലും വിവിധ രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളാലും ചുഷണ രീതിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും നിരോധിക്കപ്പെട്ടതുമാണ്. എന്നിട്ടും എന്തേ നമ്മുടെ നാട്ടിൽ ബാലവേലകൾ പെരുകുന്നു? 

Thursday, June 9, 2016

വംശ നാശ ഭീഷണി നേരിടുന്ന ജീവികള്‍

ഇന്ത്യയിലെ വംശ നാശ ഭീഷണി നേരിടുന്ന ജീവികളെ ക്കുറിച്ചുള്ള പവര്‍പോയിന്‍റ് പ്രസന്‍റേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കു ചെയ്യുക

Tuesday, June 7, 2016

ജൂണ്‍ 5 - ലോക പരിസ്ഥിതിദിനം


നിയമവിരുദ്ധമായ വന്യജീവി വ്യാപാരത്തിനെതിരെ പോരാടാം



യു.എന്‍.ഒയുടെ (United Nations Organisation)  നേതൃത്വത്തില്‍ ലോകമെങ്ങും ജൂണ്‍ 5 പരിസ്ഥിതിദിനമായി ആചരിക്കുകയാണല്ലോ. സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ നടന്ന ലോകരാജ്യങ്ങള്‍ പങ്കെടുത്ത ആദ്യ പരിസ്ഥിതി ഉച്ചകോടിയുടെ സ്മരണയ്ക്കായാണ് എല്ലാ വര്‍ഷവും ജൂണ്‍ അഞ്ച് പരിസ്ഥിതിദിനമായി ആചരിക്കുന്നത്.


പൊരുതാം കാടിനും ജീവനും


ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സമിതിയായ UNEP (United Nations Environment Programme) ഓരോ പരിസ്ഥിതിദിനത്തിലും ഓരോ പ്രത്യേക വിഷയങ്ങള്‍ പ്രമേയമായെടുത്ത് പ്രചാരണം നല്‍കാറുണ്ട്. ഈ വര്‍ഷത്തെ പ്രധാന പ്രമേയം 'പൊരുതാം കാടിനും ജീവനും - വന്യജീവിവ്യാപാരത്തോട് സന്ധിയില്ലാതെ' Go wild for life - zero tolerancefor the illegal wildlife trade) എന്നതാണ്.  അംഗോളയാണ് ഇത്തവണ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആതിഥേയ രാജ്യം. 'നമ്മുടെ ലോകത്തെ മെച്ചപ്പെട്ട ഒരു സ്ഥലമാക്കി മാറ്റാനുള്ള യത്നത്തില്‍ അണിചേരാം' എന്ന സന്ദേശവും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.

വന്യജീവികള്‍ വില്‍പനയ്ക്ക്

 


വന്യജീവികളുടെ വ്യാപാരം എന്നതുകൊണ്ടുദ്ദേശിക്കുന്നത് കാട്ടുമൃഗങ്ങളെയും കാട്ടിലെ സസ്യങ്ങളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍നിന്നും മാറ്റി ജീവനോടെയോ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍നിന്നും മാറ്റി ജീവനോടെയോ അല്ലാതെയോ നടത്തുന്ന കച്ചവടമാണ് അതില്‍ മരങ്ങള്‍, ചെടികള്‍, വന്യമൃഗങ്ങളും അവയുടെ മാംസം, തോല്‍, എല്ല്, പല്ല്, കൊമ്പ് തുടങ്ങിയ ശരീരഭാഗങ്ങളെല്ലാം ഉള്‍പ്പെടും. നിലവില്‍ ഇന്ത്യയുള്‍പ്പെടെ 170-ഓളം രാജ്യങ്ങള്‍ CITES-ന്റെ  (Convention on International Trade in Endangered Species of Wild Fauna and Flora)  നിയമങ്ങള്‍ അംഗീകരിച്ചവരാണ്. ഇന്ത്യ 1976 മുതല്‍ CITES ല്‍ അംഗമാണ്. വേട്ടയാടലും കുടിയേറ്റവും വന്യജീവിതത്തെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്. ആവാസവ്യവസ്ഥയുടെ നാശം, അമിത മത്സ്യബന്ധനം, മലിനീകരണം, വനനശീകരണം, വരള്‍ച്ച, കാട്ടുതീ മുതലായവയെല്ലാം വന്യജീവികള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

 

വരള്‍ച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ 

 



കൊടും വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്താന്‍ സിംബാബ്വേ വന്യജീവികളെ വില്‍ക്കുന്ന വാര്‍ത്തയും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ആന, സിംഹം, കാണ്ടാമൃഗം, പുള്ളിപ്പുലി, കാട്ടുപോത്ത് തുടങ്ങിയ ജീവികളുടെ വലിയ ശേഖരം അവിടത്തെ 10ദേശീയോദ്യാനങ്ങളിലായി ഉണ്ടത്രെ. 40 ലക്ഷം ആളുകള്‍ കഠിന വരള്‍ച്ചയില്‍ കഴിയുന്ന രാജ്യത്ത് ഈ ജീവികളെ പോറ്റാനുള്ള സ്ഥിതിയില്ലെന്ന് അവിടത്തെ സര്‍ക്കാര്‍ തുറന്നു സമ്മതിക്കുന്നു. സിംബാബ്വേയിലെ തന്നെ ധനസ്ഥിതിയുള്ളവരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്

കടല്‍കടക്കുന്നവയുടെ കണക്കുകള്‍  

 

അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ കണക്കനുസരിച്ച് ആഗോളതലത്തില്‍ രണ്ടായിരം കോടിയോളം വന്യജീവി വ്യാപാരം നടക്കുന്നുണ്ടത്രെ. ഒളിച്ചുകടത്തിയ നക്ഷത്ര ആമകള്‍, പാമ്പുകള്‍, പല്ലികള്‍, മുതലകള്‍, തത്തകള്‍, തവളകള്‍, വെള്ളിമൂങ്ങകള്‍, കുരങ്ങുകള്‍, ആനക്കൊമ്പുകള്‍ മുത ലായവയെല്ലാം പല അന്തര്‍ദേശീയ വിമാനത്താവളങ്ങളില്‍നിന്നും പിടികൂടിയിട്ടുണ്ട്. പക്ഷേ, നൂറുകണക്കിന് കള്ളക്കടത്തുകള്‍ പിടിക്കപ്പെടാതെ പോകുന്നുമുണ്ട് അലങ്കാരം, ഓമനിച്ചുവളര്‍ത്തല്‍, മരുന്നുനിര്‍മാണം, ഭക്ഷ്യവസ്തുക്കള്‍ക്കായി, ഐശ്വര്യദായകത്തിന് തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാമായാണ് വന്യജീവികളെ ഒരിടത്തുനി ന്നും മറ്റൊരിടത്തേക്ക് കയറ്റിയയ്ക്കുന്നത്.  വംശനാശഭീഷണിയുടെ വക്കിലെത്തിനില്‍ക്കുന്ന പല സ്പീഷീസുകളെ സംബന്ധിച്ചിടത്തോളം അവയുടെ നിലനില്‍പ്പിനെ ഇത് പ്രതികൂലമായി ബാധിക്കുന്നു. സ്വാഭാവിക ആവാസവ്യവസ്ഥ മാറ്റിമറിക്കപ്പെടുന്നതിനെ അതിജീവിക്കാന്‍ ജീവികള്‍ക്ക് കഴിയാതെ പോകും ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സസ്യങ്ങളെയും ജന്തുക്കളെയും കാട്ടില്‍ നിന്നും പിടികൂടി മുകളില്‍ പറഞ്ഞ ആവശ്യത്തിന് പുറമെ, ടൂറിസ്റ്റുകളെ ആകര്‍ഷിക്കല്‍, തുകല്‍ നിര്‍മാണം, വസ്ത്രനിര്‍മാണം, ഫര്‍ണിച്ചര്‍- കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന്  WWFന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചില സ്പീഷീസുകളെ അമിതമായി ചൂഷണം ചെയ്യുന്നത് പ്രകൃതിയുടെ സ്വാഭാവികമായ സന്തുലനാവസ്ഥയുടെ താളംതെറ്റിക്കുകയും ചെയ്യുന്നു മനുഷ്യര്‍ക്ക് ഉപദ്രവകരമായി ഭവിക്കുന്ന ചില ജീവിവര്‍ഗങ്ങള്‍ പൊതുവെ കൂടുതല്‍ നാശത്തിന് വിധേയമാകാറുണ്ട്. അന്തര്‍ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ വന്യജീവിവ്യാപാരം നടക്കുന്നത് വൃക്ഷങ്ങളിലും കടല്‍മത്സ്യങ്ങളിലുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. UNO യുടെ കീഴിലുള്ള ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ (FAO) കണക്കു കള്‍ പ്രകാരം 2009-ല്‍ പതിനായിരം കോടിക്ക് മീതെ കടല്‍മത്സ്യങ്ങളും ഇരുപതിനായിരം കോടിക്ക് മീതെ മരങ്ങളും വിപണനം ചെയ്യപ്പെട്ടിട്ടുണ്ട്. 70000 സ്പീഷീസില്‍ ഉള്‍പ്പെട്ട സസ്യങ്ങള്‍ മരുന്നു നിര്‍മാണത്തിനുവേണ്ടി മാത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ടത്രെ.

വേണ്ട ആനവേട്ട 

 



കെനിയയില്‍ വേട്ടക്കാരില്‍ നിന്നും പിടിച്ചെടുത്ത 105 ടണ്‍ ആനക്കൊമ്പുകള്‍ നെയ്റോബി ദേശീയപാര്‍ക്കില്‍ പ്രത്യേകം തയ്യാറാക്കിയ പതിനൊന്ന് ചിതകളില്‍ കൂട്ടിയി ട്ട് കത്തിച്ചു. ആനവേട്ടയ്ക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ഇവയെല്ലാം അഗ്‌നിക്കിരയാക്കിയത്. ആനക്കൊമ്പ് കത്തിക്കുന്നതിന് ഉദ്ഘാടനം കുറിച്ച കെനിയന്‍ പ്രസിഡന്റ് കെനിയാട്ട, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആനവേട്ടയും ആനക്കൊമ്പ് വില്പനയും പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതോടൊപ്പം 1.35 ടണ്‍ കാണ്ടാമൃഗത്തിന്റെ കൊമ്പുകളും നശിപ്പിക്കുകയുണ്ടായി. ആഫ്രിക്കയില്‍ വര്‍ഷംതോറും 30000 ആനകളെയാണ് കൊമ്പിനായി വേട്ടയാടുന്നതെന്ന് കണക്കുക ള്‍ പറയുന്നു. ഇതിനു പിന്നാലെ ഇന്ത്യയും ആനക്കൊമ്പുകള്‍ കത്തിക്കാന്‍ ഒരുങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ അനുമതി ല ഭിച്ചാല്‍ മാധ്യമങ്ങളെ സാക്ഷിയാക്കി, ആനക്കൊമ്പുകള്‍ കത്തിക്കുമേത്ര. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആനക്കൊമ്പ് ശേഖരമുള്ളത് കര്‍ണാടകയിലാണ്. ഏകദേശം 30 ടണ്‍ ആനക്കൊമ്പ് ഇന്ത്യയിലുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു.

 
Design by SALU K S | Bloggerized by 9447002925 | trivandrumteachers@gmail.com