An Educational Blog

Trivandrum Teachers WhatsApp ഗ്രൂപ്പിന്‍റെ പുതിയ ചുവടുവയ്പ്പ്. ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.

Monday, June 13, 2016

ജൂണ്‍ 14 ലോക രക്തദാതാക്കളുടെ ദിനം



രക്തദാനം മഹത്തരമാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെ ജൂണ്‍ 14 ന് ആണ് ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നത്. രക്തദാനത്തെ സംബന്ധിച്ചുള്ള അജ്ഞതയും അകാരണമായ ഭയവും പൊതുജനങ്ങളില്‍ നിന്ന് ഇല്ലാതാക്കുകയും സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ ലാന്‍റ്സ്റ്റെയ്നര്‍ എന്ന ശാസ്ത്രജ്ഞന്‍റെ ജന്മദിനമാണ് ജൂണ്‍ 14 . അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് അന്നേ ദിവസം രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നത്.

രക്തദാനത്തെ സംബന്ധിച്ചുള്ള അറിവില്ലായ്മ മൂലം അതിന് വൈമുഖ്യം കാണിക്കുന്ന ആളുകള്‍ ഇന്നും നമുക്കിടയില്‍ ഉണ്ട്. രക്തദാനം സംബന്ധിച്ച് നിലനില്‍ക്കുന്ന തെറ്റായ വിശ്വാസങ്ങളും ഭയവുമാണ് ഈ വൈമുഖ്യത്തിന് പ്രധാന കാരണം. രക്തദാനം ഒരു സദ്പ്രവൃത്തിയാണെന്നും അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല എന്നും ശാസ്ത്രീയമായി ബോദ്ധ്യപ്പെടുത്തുന്നത് വഴി ഇത്തരം തെറ്റിദ്ധാരണകള്‍ പാടെ ഇല്ലാതാക്കാനാവും.

മനുഷ്യ രക്തത്തിനു പകരമായി മറ്റൊന്നില്ല. അപകടങ്ങള്‍ നടക്കുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ, രക്തം കൂടിയേ തീരൂ. രക്താര്‍ബുദ ചികിത്സയിലും അവയവങ്ങള്‍ മാറ്റി വെക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങള്‍ക്കും രക്തം ജീവന്‍രക്ഷാമാര്‍ഗമാകുന്നു
18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ആരോഗ്യവാനായ ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാധാരണയായി ഒരാളുടെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. 350 മില്ലി ലിറ്റര്‍ രക്തം മാത്രമാണ് ഒരാളില്‍ നിന്ന് ഒരു സമയം ശേഖരിക്കുന്നത്. ഇങ്ങനെ നഷ്ടമാകുന്ന രക്തം 24 മുതല്‍ 48 വരെ മണിക്കൂറിനുള്ളില്‍ ശരീരം പുനരുത്പാദിപ്പിക്കും. ഒരു വ്യക്തിയില്‍ നിന്ന് ശേഖരിക്കപ്പെടുന്ന രക്തം പലവിധ പരിശോധനകള്‍ക്ക് ശേഷമാണ് മറ്റൊരാളില്‍ ഉപയോഗിക്കുന്നത്.

പരമാവധി 30 മിനിറ്റാണ് രക്തദാനത്തിന് ആവശ്യമായ സമയം. രക്തദാനത്തിന് ശേഷം പഴച്ചാറുകളോ മറ്റ് ഏതെങ്കിലും പാനീയങ്ങളോ കഴിക്കാവുന്നതാണ്. രക്തം ശരീരത്തില്‍ നിന്ന് എടുത്ത ശേഷം ആ വ്യക്തിക്ക് പതിവ് ജോലികളില്‍ ഏര്‍പ്പെടാവുന്നതുമാണ്. എന്നാല്‍ കഠിനമായ ജോലികളില്‍ നിന്നും കായിക വ്യായാമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് നല്ലത്. ഒരു തവണ രക്തം ദാനം ചെയ്ത വ്യക്തി മൂന്ന് മാസം കഴിഞ്ഞേ വീണ്ടും രക്തം ദാനം ചെയ്യാന്‍ പാടുള്ളൂ എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.


രക്തം ദാനം ചെയ്യുമ്പോള്‍

             -------------------------------------

* 18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്.

* ശരീരഭാരം മിനിമം 45 കിലോഗ്രാം എങ്കിലും ഉണ്ടായിരിക്കണം.

* ദാതാവിന്‍റെ രക്തത്തില്‍ 125g/L ഹീമോഗ്ലോബിന്‍ എങ്കിലും ഉണ്ടാകണം.

* രോഗ ബാധയുള്ളപ്പോള്‍ രക്തം ദാനം ചെയ്യരുത് .

* രക്തദാന വേളയില്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായിരിക്കണം.

*പ്രത്യേക ഡയറ്റോ, വിശ്രമമോ, മരുന്നോ രക്തദാനത്തിനു ശേഷം ആവശ്യമില്ല.


*രക്തദാനം ഇരുമ്പിന്റെ അളവ് ക്രമീകരിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു.


*മനുഷ്യ രക്തത്തിന് പകരമായി ഒന്നുമില്ല. അതിനാല്‍ ഒഴിവു കഴിവുകള്‍ പറയാതിരിക്കൂ.


* രക്തം ഒരു അത്ഭുത ഔഷധമാണ്.ഇതിനെ പ്രയോജനപ്പെടുത്തൂ.


*രക്ത ദാതാക്കളുടെ സംഖ്യ പരിമിതം,പക്ഷെ രക്തം സ്വീകരിക്കാനുള്ളവരുടെ എണ്ണം ധാരാളം.


*സ്നേഹവും പരിരക്ഷയും ആവരണമായിട്ടുള്ള ഒരു വരദാനമാണ് രക്തം.അത് പങ്കു വെക്കു.


*രക്തദാനം നിങ്ങളുടെ ആരോഗ്യത്തെ ഒരു രീതിയിലും ദോഷകരമായി ബാധിക്കുന്നില്ല .


ഇവര്‍ക്ക് രക്തദാനം നിഷിദ്ധം

            --------------------------------------------

* ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും അടുത്തിയിടെ ഗര്‍ഭം അലസിയവരും

* ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ രക്തദാനം ചെയ്യരുത്.

* ഹൃദ്രോഗം, വൃക്കത്തകരാറുകള്‍ , ആസ്തമ , കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍

* രോഗചികിത്സയ്ക്കായി സ്റ്റീറോയ്ഡ് , ഹോര്‍മോണ്‍ എന്നിവ അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നവര്‍

* എച്ച് ഐ വി , സിഫിലിസ് , മഞ്ഞപ്പിത്തം, മലേറിയ എന്നീ രോഗങ്ങളുള്ളവര്‍

* മയക്കുമരുന്നിന് അടിമപ്പെട്ടവര്‍

* രക്തദാനത്തിന് 24 മണിക്കൂര്‍ മുന്‍പ് മദ്യം ഉപയോഗിച്ചവര്‍.

0 comments:

Post a Comment

 
Design by SALU K S | Bloggerized by 9447002925 | trivandrumteachers@gmail.com