An Educational Blog

Trivandrum Teachers WhatsApp ഗ്രൂപ്പിന്‍റെ പുതിയ ചുവടുവയ്പ്പ്. ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.

Sunday, August 14, 2016

കൈ താങ്ങ് - മൊഡ്യൂള്‍



കൈത്താങ്ങ് - ആമുഖം    VIEW   DOWNLOAD

മൊഡ്യൂള്‍ UP/HS           
VIEW   DOWNLOAD
 

മൊഡ്യൂള്‍ കാര്‍ഡുകള്‍  VIEW   DOWNLOAD
 

പവര്‍പോയിന്‍റ്         VIEW   DOWNLOAD
 

വായനാകാര്‍ഡ്          VIEW   DOWNLOAD
 

വായനാകാര്‍ഡ് LP    VIEW   DOWNLOAD
 

വായനാകാര്‍ഡ് UP / HS  VIEW   DOWNLOAD

Friday, August 12, 2016

ഡിജിറ്റൽ സിഗ്നേച്ചർ

15-8-16 ന് ശേഷം സ്പാർക്ക് ബിൽ, ഓൺലൈൻ ആയി സമർപ്പിക്കുന്നതിന് ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ആവശ്യമാണ്
http://www.itmission.kerala.gov.in/dsc-empanelment.php
എന്ന വെബ്സൈറ്റിൽ ഇടത് വശത്ത് DSC എന്ന ലിങ്കിൽ പോകുക, അവിടെ ഓരോ ജില്ലയിലും ഈ സർട്ടിഫിക്കറ്റ് നൽകുവാൻ നിയോഗിച്ചിട്ടുള്ള ഫ്രാഞ്ചൈസിയുടെ അഡ്രസ് ഉണ്ട്. ഡിജിറ്റൽ സിഗ്‌നേച്ചർ സർട്ടിഫിക്കറ്റ് (DSC) ലഭിക്കുന്നതിന് ഓഫീസറുടെ സ്പാർക്കിലുള്ള ID കാർഡ്, PAN, ആധാർ എന്നിവ സഹിതം ഫ്രാഞ്ചൈസി ഓഫീസിൽ ഓഫീസർ നേരിൽ പോയാൽ 575/- രൂപക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഓഫീസറുടെ (DDO) ആധാർ കാർഡിലെ പേരും, സ്പാർക്കിലെ പേരും ഒന്നു തന്നെയാകണം. ഒരു സ്പേസിന്റെയോ, അക്ഷരത്തെറ്റോ ഒന്നും തന്നെ ഉണ്ടാകാൻ പാടില്ല.
ഡിജിറ്റല്‍ സിഗ്നേച്ചറുമായി ബന്ധപ്പെട്ട മറ്റു ഓര്‍ഡറുകള്‍ :
1. ഡിജിറ്റല്‍ സിഗ്നേച്ചര്‍ implement ചെയ്തു കൊണ്ടുള്ള ഗവനെമെന്റ്റ് ഓര്‍ഡര്‍ GO(P) No 76/2016/Fin dated 27-05-2016
http://goo.gl/cUgrAi
2. കേരള IT മിഷന്‍, ഡിജിറ്റല്‍ സിഗ്നേച്ചര്‍ issue ചെയ്യുന്നതിനായി Sify - യെയും eMudhra യെയും നിയോഗിച്ചു കൊണ്ടുള്ള ഓര്‍ഡര്‍
http://goo.gl/GKXPNd
3. അപേക്ഷാ ഫോമുകള്‍
SIFY Form http://goo.gl/kUd69I
E-mudra Form http://goo.gl/HusmJs
4. DSC issue ചെയ്യുന്ന ഓഫീസുകളും ബന്ധപ്പെടേണ്ട നമ്പറുകളും
http://goo.gl/jsBKUV
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://goo.gl/d6IOI6

Sunday, August 7, 2016

നാഗസാക്കി ദിനം

 
 
ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും ആറ്റം ബോംബിട്ട് തകര്‍ത്തിട്ട് 71 വര്‍ഷം തികയുകയാണ്.വീ​ണ്ടും ഒരു യുദ്ധവിരുദ്ധദിനമെത്തുന്നത് ഏറെ പ്രസക്തമായ സമയത്താണ് .യുദ്ധവിപത്തിനെതിരെ ചിന്തിക്കാനും പ്രതികരിക്കാനും ഓരോ മനുഷ്യനും തയ്യാറാകേണ്ട സന്ദര്‍ഭമാണിത്.ഇസ്രായേല്‍ പാലസ്തീനെതിരെ ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതി കേവലം പാലയ്തീനെതിരെ മാത്രമല്ല,ഈ ലോകത്തോടു തന്നെയാണ്.കേവലം മനുഷ്യവംശത്തിനുമാത്രമല്ല ഈ ലോകത്തെ സുന്ദരമാക്കുന്ന മണ്ണും മരങ്ങളും മലകളും പുഴകളും കാട്ടരുവികളും പുഴുക്കളും പൂമ്പാറ്റകളെയും ഒക്കെ തുടച്ചുമാറ്റി ജീവന്‍റെ അവസാനത്തെ കണികയെയും ഇല്ലായ്മ ചെയ്യുന്നതിലൂടെ ഇസ്രായേല്‍ യഥാര്‍ത്ഥത്തില്‍ നേടുന്നതെന്താണ്? വംശ്യഹത്യ എന്ന അധീശത്വമല്ലാതെ....

നടുക്കുന്ന ഓര്‍മകളായി ഇന്നും ഹിരോഷിമയും നാഗസാക്കിയും നാം ഓര്‍ക്കുന്നു.ആറ്റം ബോംബ് വര്‍ഷത്തില്‍ മൂന്നര ലക്ഷത്തോളം പേര്‍ തത്സമയം ചുട്ടുചാമ്പലായി. അനേകം ആളുകള്‍ ജീവച്ഛവങ്ങളായി. അരനൂറ്റാണ്ടിലേറെ ആയിട്ടും അത് പാകിയിട്ട വിഷവിത്തുകള്‍ രോഗമായും മരണമായും ഇന്നും പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യത്വ വിരുദ്ധമായി സയന്‍സിന്റെ സിദ്ധികളെ ഉപയോഗിച്ചാല്‍ അത് മനുഷ്യവംശത്തിന് തന്നെ ഭീഷണി ആകും. 

അമേരിക്കന്‍ നാവികസങ്കേതമായ പേള്‍ ഹാര്‍ബറും ബ്രിട്ടീഷ് യുദ്ധക്കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സും ജപ്പാന്‍ ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയും ഇംഗ്ലണ്ടും ജപ്പാനെതിരായി യുദ്ധം പ്രഖ്യാപിച്ചു. 1941 ഡിസംബര്‍ ഏഴിനായിരുന്നു പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചത്. പിറ്റേന്ന് അമേരിക്കയുടെ യുദ്ധ പ്രഖ്യാപനമുണ്ടായി. 1945 ജൂലൈ 26 ന് ട്രൂമാനും മറ്റ് സഖ്യനേതാക്കളും പോട്ട്‌സ് ഡാമില്‍ സമ്മേളിച്ച് ജപ്പാനോട് കീഴടങ്ങുവാന്‍ ആവശ്യപ്പെട്ടു. കീഴടങ്ങുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമേരിക്ക ജപ്പാനെ ആക്രമിക്കുവാന്‍ തീരുമാനിച്ചു.

യു കെ, കാനഡ എന്നി രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക ആദ്യത്തെ ആറ്റംബോംബ് രൂപപ്പെടുത്തി. ഇത് മാന്‍ഹട്ടണ്‍ പ്രോജക്ട് എന്നറിയപ്പെടുന്നു. ഈ ഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് അമേരിക്കന്‍ ഊര്‍ജതന്ത്രജ്ഞനായ റോബര്‍ട്ട് ഓപ്പണ്‍ ഹീമര്‍ ആയിരുന്നു.

ആറ്റംബോംബിന്റെ തത്വമായ ന്യൂക്ലിയര്‍ ഫിഷന്‍ കണ്ടുപിടിച്ചത് 'ഓട്ടോഹാന്‍' എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞനാണ്. യുറേനിയം പോലുള്ള ഭാരം കൂടിയ മൂലകങ്ങളെ പിളര്‍ത്താന്‍ കഴിയുമെന്നും അപ്പോള്‍ ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും ഹാന്‍ കണ്ടെത്തി. തന്റെ കണ്ടെത്തലിന്റെ സാധ്യത മനസ്സിലാക്കിയ ഹാന്‍ ഹിറ്റ്‌ലറോട് പറഞ്ഞു. 'ഇതാ ലണ്ടനെ രണ്ടു മണിക്കൂറിനകം തകര്‍ത്തു തരിപ്പണമാക്കാവുന്ന ശക്തി കരഗതമായിരിക്കുന്നു.'

ഹിറ്റ്‌ലര്‍ ചോദിച്ചു. 'ആ ആയുധം നിര്‍മിക്കാന്‍ എത്രകാലം വേണ്ടിവരും' എന്ന്. ഒന്നോ രണ്ടോ കൊല്ലം വേണ്ടിവരുമെന്ന് പറഞ്ഞപ്പോള്‍ എങ്കിലത് ഉപേക്ഷിച്ചുകൊള്ളാന്‍ ഹിറ്റ്‌ലര്‍ മറുപടി പറഞ്ഞത്രേ. ഓട്ടോഹാന്റെ കണ്ടുപിടിത്തം മനസ്സിലാക്കിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ആണ് ഹിറ്റ്‌ലര്‍ ആറ്റംബോംബ് ഉണ്ടാക്കുന്നതിന് മുമ്പ് അത് ഉണ്ടാക്കണമെന്ന് ഭരണാധികാരികളെ അറിയിച്ചതും തുടര്‍ന്ന് അമേരിക്ക ആറ്റംബോംബുണ്ടാക്കിയതും.

ചെറിയൊരു സമയത്തിനുള്ളില്‍ വലിയൊരു അളവില്‍ ഊര്‍ജം വിമുക്തമാക്കപ്പെടുന്ന പ്രക്രിയയാണ് ആറ്റംബോംബില്‍ നടക്കുന്നത്. ഇന്ധനമായി യുറേനിയം- 235 അല്ലെങ്കില്‍ പ്ലൂട്ടോണിയം-239 ഉപയോഗിക്കുന്നു. യുറേനിയത്തിന്റെ ഐസോടോപ്പായ യു-235 ഉപയോഗിച്ചാണ് 'ലിറ്റില്‍ബോയ്' എന്നറിയപ്പെടുന്ന ഹിരോഷിമ ബോംബ് ഉണ്ടാക്കിയത്. 1945 ജൂലൈ 16ന് ന്യൂമെക്‌സിക്കോയിലെ ട്രിനിറ്റി സൈറ്റിലായിരുന്നു ആറ്റംബോംബ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. പരീക്ഷണത്തിന് ഉപയോഗിച്ച ആറ്റംബോംബിന്റെ പേര് 'ഗാഡ്‌ജറ്റ്' എന്നായിരുന്നു.

ന്യൂക്ലിയര്‍ ബോംബിംഗ് മിഷന്റെ ആദ്യ ലക്ഷ്യം ഹിരോഷിമ തന്നെയായിരുന്നു. 1945 മെയ് 10, 11 ദിവസങ്ങളില്‍ റോബര്‍ട്ട് ഓപ്പണ്‍ ഹീമറിന്റെ നേതൃത്വത്തില്‍ ഒരു ടാര്‍ഗിറ്റ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ക്യോട്ടോ, ഹിരോഷിമ, യോക്കോഹോമ, കോക്കുറയിലെ ആയുധപ്പുര എന്നിവയായിരുന്നു ബോംബിടാനായി തെരഞ്ഞെടുത്ത സ്ഥലങ്ങള്‍.

1945 ഓഗസ്റ്റ് 6, സമയം 8 മണി കഴിഞ്ഞ് 15 മിനിട്ട് 17 സെക്കന്റ്. ഇതേ സമയം ആകാശത്ത് വട്ടമിട്ട് പറന്നിരുന്ന വിമാനത്തില്‍ നിന്ന് ഒരു കറുത്ത വസ്തു താഴേക്ക് വീണു. 'ലിറ്റില്‍ ബോയ് ' എന്ന് പേരുള്ള അണുബോംബായിരുന്നു അത്. 1870 അടി ഉയരത്തില്‍ വെച്ച് കാതടപ്പിക്കുന്ന ശബ്ദത്തോടെ അത് പൊട്ടി. ഏഴ് ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ഹിരോഷിമയുടെ നാല് ചതുരശ്ര മൈല്‍ സ്ഥലത്തെ ജീവജാലങ്ങള്‍ തത്സമയം കത്തിച്ചാമ്പലായി. ഹിരോഷിമയിലെ തദ്ദേശവാസികള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് അമേരിക്ക ബോംബ് വര്‍ഷിച്ചത്.

ഹിരോഷിമ ബോംബിംഗിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാന്‍ പറഞ്ഞത് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തിന്റെ ഒരു പെരുമഴതന്നെ നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നാണ്. നാല് വ്യവസ്ഥകളോടെ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോ കീഴടങ്ങാന്‍ സമ്മതിച്ചു. നാല് വ്യവസ്ഥകള്‍ ഇവയായിരുന്നു.

  1. ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണം.
  2. ആസ്ഥാന കെട്ടിടങ്ങള്‍ സംരക്ഷിക്കപ്പെടണം.
  3. നിരായുധീകരണം പ്രാവര്‍ത്തികമാക്കണം.
  4. യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ജപ്പാന്‍ പട്ടാളക്കാരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണം.

ഇവ അംഗീകരിക്കാനാവില്ല എന്നതിനാല്‍ അമേരിക്ക നാഗസാക്കിയില്‍ അണുബോംബിടാന്‍ തീരുമാനിച്ചു. തെക്കന്‍ ജപ്പാനിലെ ഒരു വലിയ തുറമുഖനഗരം ആയിരുന്നു നാഗസാക്കി. ജാപ്പനീസ് മാതൃകയില്‍ പഴയ ഫാഷനില്‍ ഡിസൈന്‍ ചെയ്ത കെട്ടിടങ്ങളായിരുന്നു നാഗസാക്കിയില്‍. 1945 ഓഗസ്റ്റ് 9. സമയം രാവിലെ 11.02, നാഗസാക്കി എന്ന മനോഹരനഗരത്തെ ലക്ഷ്യമാക്കി ബോക്‌സ്‌കാര്‍ എന്ന ബോംബര്‍ വിമാനം പറന്നുവന്നു. അതില്‍ നിന്ന് 'ഫാറ്റ്മാന്‍' എന്ന് പേരിട്ട അണുബോംബ് താഴേക്ക് വീണു. പ്ലൂട്ടോണിയം - 239 കൊണ്ട് ഉണ്ടാക്കിയതായിരുന്നു ഫാറ്റ്മാന്‍. 470 മീറ്റര്‍ ഉയരത്തില്‍ വച്ച് അത് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ അനേകായിരം ആളുകള്‍ വെന്തുമരിച്ചു.

നാഗസാക്കിയില്‍ ബോംബിട്ട് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 15 ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചെങ്കിലും കരാര്‍ ഒപ്പിട്ടത് സെപ്തംബര്‍ 2 നാണ്.

ബോംബിംഗിന് ഇരയായ ആള്‍ക്കാര്‍ 'ഹിബാക്കുഷ' എന്നാണ് അറിയപ്പെടുന്നത്. സ്‌ഫോടനം ബാധിച്ച ജനങ്ങള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഹിരോഷിമ, നാഗസാക്കി സ്മാരകങ്ങളില്‍ മരിച്ച ഹിബാക്കുഷകളുടെ പേര് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓരോ വാര്‍ഷികം നടക്കുമ്പോഴും പേരുകളുടെ പട്ടിക പുതുക്കാറുണ്ട്.

മാനിഷാദ!


ഒരു അണുയുദ്ധത്തിന് ശേഷം അതിനെപ്പറ്റി ദുഃഖിക്കേണ്ടി വരുന്നില്ല. കാരണം ദുഃഖിക്കാന്‍ ആരും കാണുകയില്ല എന്നതു തന്നെ.

കൂട്ടുകാരേ,

വിവേകത്തിന്റെയും മാനവീയതയുടെയും വെളിച്ചം ഓരോ മനുഷ്യനിലും ഉണ്ടാകട്ടെ എന്നും അങ്ങനെ യുദ്ധക്കൊതിക്ക് അറുതി വരട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം.

ദുരന്തത്തിന്റെ ബഹുമുഖങ്ങള്‍

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബിട്ടത് ലോകമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ആ മഹാദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് ലോകത്തെമ്പാടും യുദ്ധവിരുദ്ധവികാരം ശക്തിയാര്‍ജിച്ചു. എന്നാല്‍ വന്‍ശക്തികളുടെ കയ്യില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന ആണവായുധങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുന്നുണ്ട്. ഭൂമിക്കും സര്‍വജീവജാലങ്ങള്‍ക്കും വിനാശം വിതയ്ക്കുന്ന യുദ്ധത്തിനെതിരെ അണിനിരക്കാന്‍ വീണ്ടും ഒരു ഹിരോഷിമ ദിനം.

അണുയുഗം പിറക്കുന്നു

1930 കളില്‍ തന്നെ നാസി ജര്‍മ്മനി ആണവായുധങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും അതു തങ്ങള്‍ക്കുനേരെ പ്രയോഗിക്കുമെന്നുമുള്ള ഭയത്തില്‍ നിന്നാണ് മാന്‍ഹട്ടന്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ ബ്രിട്ടന്‍, കാനഡ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിച്ചത്. അമേരിക്കന്‍ ഊര്‍ജതന്ത്രജ്ഞനായ റോബര്‍ട്ട് ഓപ്പന്‍ ഹീമറിന്റെ നേതൃത്വത്തില്‍ മാന്‍ഹാട്ടന്‍ ദ്വീപിലടക്കം മുപ്പതു കേന്ദ്രങ്ങളിലായി ഗവേഷണം തുടങ്ങി. എന്റിക്കോഫെര്‍മി, നീല്‍സ് ബോര്‍ തുടങ്ങി ഒട്ടനവധി പ്രമുഖ ശാസ്ത്രജ്ഞര്‍ ഗവേഷണത്തില്‍ പങ്കാളികളായിരുന്നു. 1939 ല്‍ ഐന്‍സ്റ്റീന്റെ കത്തുപ്രകാരം അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റൂസ്‌വെല്‍ട്ടാണ് ഗവേഷണത്തിന് ഉത്തരവിട്ടത്. ബോംബ് നിര്‍മാണത്തില്‍ ഐന്‍സ്റ്റീന്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും പദാര്‍ഥത്തെ ഊര്‍ജമാക്കി മാറ്റാമെന്ന സിദ്ധാന്തമാണ് ന്യൂക്ലിയര്‍ ഫിഷന്റെയും ആറ്റംബോംബിന്റെയും അടിസ്ഥാനതത്വം.

ആയിരം കടലാസ് കൊക്കുകള്‍ക്കായി...

ആറ്റം ബോംബ് സ്‌ഫോടനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച ലക്ഷക്കണക്കിന് ജനങ്ങളില്‍ സഡാകോ സസാക്കി എന്ന ജാപ്പനീസ് പെണ്‍കുട്ടിയുടെ കഥ നമ്മെ കരയിപ്പിക്കുന്നതാണ്. പന്ത്രണ്ട് വയസ്സ് വരെ മാത്രം ജീവിക്കാന്‍ ഭാഗ്യം ലഭിച്ച സഡാക്കോയ്ക്ക് അണുവികിരണമേല്‍ക്കുന്നത് രണ്ടാമത്തെ വയസിലാണ്. ഹിരോഷിമയില്‍ ബോംബ് സ്‌ഫോടനം നടക്കുമ്പോള്‍ ഒരു നാഴികയകലെയുള്ള തന്റെ വീട്ടിലായിരുന്നു സഡാകോ. 1954 ല്‍ കഴുത്തിന് ചുറ്റും തുടര്‍ന്ന് കാലിലും പിങ്ക് നിറത്തിലുള്ള കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു. വിദഗ്ധപരിശോധനയില്‍ ലൂക്കേമിയ എന്ന കാന്‍സറാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഡാക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ സഡാക്കോയെ കാണാന്‍ വന്ന കൂട്ടുകാരി ചിസുക്കോ കടലാസ് കൊണ്ട് ഒരു കൊക്കിനെയുണ്ടാക്കി. ആയിരം കടലാസ് കൊക്കുകളെ ഉണ്ടാക്കിയാല്‍ ആഗ്രഹിക്കുന്നത് സഫലീകരിക്കുമെന്ന ജാപ്പനീസ് വിശ്വാസപ്രകാരം സഡാക്കോ കൊക്കുകളെ ഉണ്ടാക്കാന്‍ തുടങ്ങി. കൂട്ടുകാരികള്‍ കൊണ്ടുവരുന്ന കടലാസ് കൊണ്ടും മരുന്ന് പൊതിഞ്ഞ കടലാസുകൊണ്ടും 644 കൊക്കുകളെ ഉണ്ടാക്കാനേ ആ ബാലികയ്ക്ക് കഴിഞ്ഞുള്ളു. അപ്പേഴേക്കും മരണം തട്ടിയെടുത്ത തങ്ങളുടെ കൂട്ടുകാരിക്ക് വേണ്ടി സഹപാഠികള്‍ ബാക്കി കൊക്കുകള്‍കൂടി ഉണ്ടാക്കി സഡാക്കോയുടെ ഭൗതിക ശരീരത്തോടൊപ്പം അടക്കം ചെയ്തു. കയ്യില്‍ കൊക്കുമായി നില്‍ക്കുന്ന സഡാക്കോയുടെ പ്രതിമ യുദ്ധസ്മാരകമായി ഇന്നും നിലകൊള്ളുന്നുണ്ട്.

റിയാക്ടര്‍ ദുരന്തങ്ങള്‍

വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും രോഗചികിത്സക്കാവശ്യമായ റേഡിയോ ആക്ടീവ് ഐസോടോപ്പുകളുടെ നിര്‍മാണത്തിനുമാണ് ന്യൂക്ലിയര്‍ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ആറ്റം ബോംബിലും ആണവനിലയങ്ങളിലും നടക്കുന്നത് ന്യൂക്ലിയര്‍ ഫിഷന്‍ പ്രവര്‍ത്തനമാണ്. നിയന്ത്രിത പ്രവര്‍ത്തനമാണ് ന്യൂക്ലിയര്‍ റിയാക്ടറില്‍ നടക്കുന്നത്. അശ്രദ്ധകൊണ്ടും സാങ്കേതികാരണങ്ങളാലും അപകടം സംഭവിക്കാം. അപ്പോള്‍ മാരകമായ അണുവികിരണങ്ങള്‍ ഉണ്ടാകും. അത്തരത്തിലുണ്ടായ ആദ്യത്തെ അപകടമായിരുന്നു 1973 ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ 'ത്രീമൈല്‍ ഐലന്റ് ' അപകടം. ആണവ ചോര്‍ച്ചയ്ക്ക് പന്ത്രണ്ട് ദിവസം മുമ്പ് ഇറങ്ങിയ 'ചൈനീസ് സിന്‍ഡ്രോ' എന്ന സിനിമയില്‍ ഒരു കഥാപാത്രം ആണവ വിദഗ്ധനോട് അപകടസാധ്യതയെകുറിച്ച് ചോദിച്ചതിനുള്ള മറുപടി ''പെന്‍സില്‍വാനിയയുടെയത്രയും സ്ഥലം വാസയോഗ്യമല്ലാതായിത്തീരും' എന്നായിരുന്നു. ഈ വാക്കുകള്‍ യാഥാര്‍ഥ്യമായി. അയൊഡിന്‍-131 വികിരണം ധാരാളമായി ഉണ്ടായി. നിരവധിപേര്‍ മരിക്കുകയും നിത്യരോഗികളായി മാറുകയും ചെയ്തു. അതോടെ ആണവനിലയങ്ങളുടെ നിര്‍മാണം തന്നെ താത്കാലികമായി നിലച്ചു.

ഹിരോഷിമയിലുണ്ടായിരുന്നതിന്റെ നാലിരട്ടി മാരകവികിരണങ്ങള്‍ വിതറിയ അപകടമായിരുന്നു 1986 ഏപ്രില്‍ 21 ന് ചെര്‍ണോബിലിലുണ്ടായത്. പഴയ സോവിയറ്റ് യൂണിയനില്‍പെട്ട ഉക്രൈനിലെ ചെര്‍ണോബില്‍ നാലാം നമ്പര്‍ റിയാക്ടറാണ് പൊട്ടിത്തെറിച്ചത്. അയൊഡിന്‍-131, സീസിയം-137, സ്‌ട്രോന്‍ഷ്യം-90 എന്നീ റേഡിയോ ആക്ടീവ് മൂലകങ്ങള്‍ പുറത്തുവന്നു. അപകടം ജനങ്ങളില്‍ നിന്നും മറച്ചുവെക്കാനുള്ള അധികൃതരുടെ ശ്രമം കൂടുതല്‍ നാശമുണ്ടാക്കി. മൂന്നുലക്ഷത്തിലധികം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. ആറ് ലക്ഷം ആള്‍ക്കാര്‍ക്കാണ് റേഡിയേഷന്‍ ബാധിച്ചത്. ദിവസങ്ങള്‍ വേണ്ടിവന്നു തീയണയ്ക്കാന്‍. മുപ്പതു കിലോമീറ്റര്‍ ചുറ്റളവ് പ്രദേശം ജനവാസ യോഗ്യമല്ലാതായി. ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി ഉപേക്ഷിക്കേണ്ടിവന്നു. ആയിരം കിലോമീറ്റര്‍ അകലെയുള്ള രാജ്യങ്ങളില്‍പോലും കാറ്റില്‍ പറന്നെത്തിയ അണുവികിരണം നാശം വിതച്ചു. അണുവികിരണത്തിന്റെ ഇരകളായ കുട്ടികള്‍ 'ചെര്‍ണോബില്‍ കുട്ടികള്‍' എന്നറിയപ്പെടുന്നു.

ഹിബാകുഷകള്‍

ആറ്റം ബോംബ് സ്‌ഫോടനത്തിന്റെ ഇരകളായി ജപ്പാനില്‍ കഴിയുന്ന ഹിബാകുഷകള്‍ ഇന്നും കാന്‍സറും ജനിതക വൈകല്യങ്ങളുമായി കഴിയുകയാണ്. ജപ്പാനിലെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ ഇവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ലത്രെ! അറുപത്തിയഞ്ച് കൊല്ലത്തിനുശേഷം ഇപ്പോഴും പിറന്നുവീഴുന്ന കുട്ടികളിലധികവും അംഗവൈകല്യമുളളവരാണ്. കഴിഞ്ഞവര്‍ഷം വരെ ഏകദേശം രണ്ടരലക്ഷം ഹിബാകുഷകളെയാണ് ജാപ്പനീസ് ഗവണ്‍മെന്റ് കണ്ടെത്തിയത്. അണുവികിരണം ജനിതകവ്യതിയാനം വരുത്തുന്നതിനാല്‍ ഇനിയും എത്രയോ തലമുറകള്‍ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരും.

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട

സഡാക്കോ സസാക്കിമാരും ഹിബാകുഷകളും ലോകത്ത് ഇനിയും ഉണ്ടാവാതിരിക്കണമെങ്കില്‍ അണുവികിരണമുണ്ടാക്കുന്ന എല്ലാ പ്രവര്‍ത്തനവും അവസാനിപ്പിക്കണം. ലോകത്തെ പല പ്രാവശ്യം നശിപ്പിക്കാനുള്ള അണുവായുധങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ളവര്‍ അവ നിര്‍വീര്യമാക്കുകയും പുതിയവ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും വേണം. ആണവ മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് സുരക്ഷിതമായ മാര്‍ഗം ഇനിയും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആണവ നിലയങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. 
                                 

 സ്കൂളില്‍ ഏറ്റെടുത്ത് നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍

  • യുദ്ധവിരുദ്ധ പതിപ്പ് തയ്യാറാക്കല്‍

  • യുദ്ധവിരുദ്ധ റാലി

  • യുദ്ധവിരുദ്ധ ചലച്ചിത്ര പ്രദര്‍ശനം

  • സഡാക്കോ കൊക്ക് നിര്‍മ്മാണം

  • ചിത്ര/സ്ലൈഡ് പ്രദര്‍ശനം

ഹിരോഷിമ ദിനം-ആഗസ്ററ് 6





ഇന്ന് ഹിരോഷിമ ദിനം. ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്റെ 71ാം വാര്‍ഷികമാണ് ഇന്ന്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്.

 
ജപ്പാന്റെ ചരിത്രത്തിലെ എക്കാലത്തേയും കറുത്ത അധ്യായമായ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തില്‍ 90000-160000 ഇടയില്‍ ആള്‍നാശം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഹിരോഷിമയിലെ ബോംബാക്രമണം മൂലമുണ്ടായ ആണവ വികിരണത്തിന്റെ ദോഷഫലങ്ങള്‍ അനന്തര തലമുറകള്‍ക്കും അനുഭവിക്കേണ്ടി വന്നു.

എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ എന്ന ആണു ബോംബ് വര്‍ഷിച്ചത്. 70000 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ബോംബ് വര്‍ഷത്തി
ന്റെ റേഡിയേഷന്‍ പിന്നെയും മാസങ്ങളൊളം നില നിന്നു. റേഡിയേഷന്‍ അതിപ്രസരം മൂലം ഒന്നര ലക്ഷത്തോളം ആളുകള്‍ മരിച്ചതായി വിലയിരുത്തപ്പെടുന്നു. അതിലുമധികം ആളുകള്‍ അംഗവൈകല്യം സംഭവിച്ചവരുമായി. 

മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി. പിന്നീട് ജപ്പാന്‍ അമേരിക്കയുടെ ഏറ്റവും സഖ്യകക്ഷികളിലൊന്നായി തീര്‍ന്നു എന്നത് വിരോധാഭാസം മാത്രം. 

 

നമ്മുടെ സ്വപ്നങ്ങള്‍ എരിഞ്ഞു വീഴുന്ന ദിനങ്ങള്‍.. 
നമ്മുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന ദിനം..
 
അങ്ങിനെയൊരു ദിനത്തെക്കുറിച്ച് ആരും അന്ന് ചിന്തിച്ചിരുന്നില്ല. അവര്‍ക്ക് അതിന് സമയമുണ്ടായിരുന്നില്ല. കളിയും ചിരിയുമായി ആ അപൂര്‍വ്വ വിദ്യാലയം റ്റോമോ തലയുയര്‍ത്തി നിന്നിരുന്നു. ജപ്പാനില്‍.തെത്സുകോ കുറോയാനഗി എന്ന ടോട്ടോചാന്‍ പഠിച്ചത് അവിടെയായിരുന്നു. കൊബായാഷി മാസ്റ്ററുടെ ശിക്ഷണത്തില്‍ കളിയും ചിരിയുമായി അവര്‍ നേടിയത് സമൂഹത്തിനു വേണ്ടിയുള്ള സ്വപ്നങ്ങളായിരുന്നു.എന്നാല്‍ യുദ്ധത്തിന്റെ കെടുതികളില്‍, മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന നായാട്ടില്‍ , ആ സ്വപ്നങ്ങള്‍ക്ക് എന്തു പ്രസക്തി?..

തെത്സുകോ കുറോയോനഗി ഹിരോഷിമ ദുരന്തം ആവിഷ്കരിച്ചത് ഇങ്ങനെയാണ്..

......റ്റോമോ എരിഞ്ഞു വീണു. അത് സംഭവിച്ചത് രാത്രിയിലാണ്. മിയോചാനും അവരുടെ സഹോദരി മിസാചാനും അവരുടെ അമ്മയും സ്കൂളിനോട് ചേര്‍ന്നുള്ള തങ്ങളുടെ ഭവനത്തില്‍ നിന്നും കുഹോന്‍ബസ്തു കുളക്കരയിലെ റ്റോമോ പാടത്തേക്ക് രക്ഷപ്പെട്ടു. ക്ഷേത്രവും അവരും സുരക്ഷിതരായിരുന്നു.
ബി. 29 ബോംബറുകളില്‍ നിന്നും വര്‍ഷിച്ച മാരകമായ അനേകം ഷെല്ലുകള്‍. ക്ളാസ് മുറികളായി പ്രവര്‍ത്തിച്ചിരുന്ന റയില്‍വേ കോച്ചുകള്‍ക്കു മുകളില്‍ ഹുംകാരശബ്ദത്തോടെ പതിച്ചു. ഹെഡ് മാസ്റ്ററുടെ സ്വപ്നത്തില്‍ ത്രസിച്ചുനിന്നിരുന്ന വിദ്യാലയം തീനാളങ്ങളില്‍ മറഞ്ഞു. അദ്ദേഹം ഒരു പാട് സ്നേഹിച്ച, കുഞ്ഞിച്ചിരികളുടേയും ചിലയ്കലുകളുടേയും സ്വരഭേദങ്ങള്‍ക്കു പകരം, വിദ്യാലയമൊന്നാകെ ഭയാനകമായ ശബ്ദത്തോടെ നിലം പൊത്തി. ശമനമില്ലാത്ത അഗ്നി അതിന്റെശിലാതലത്തോളം എരിയിച്ചു കളഞ്ഞു. ജിയുഗോകയിലെമ്പാടും തീനാളങ്ങള്‍ പാളിയുണര്‍ന്നു.
എല്ലാറ്റിനുമിടയില്‍, തെരുവിന്റെ വിജനതയില്‍ നിന്ന് റ്റോമോ കത്തിയെരിയുന്ന ദൃശ്യം മാസ്റ്റര്‍ കണ്ടു. എപ്പോഴത്തേയും പോലെ തന്നെ അദ്ദേഹം തന്റെഏറെ നരച്ചു പോയ കറുത്ത സ്യൂട്ടണിഞ്ഞിരുന്നു.കൈകള്‍ കീശയില്‍ തിരുകി മാസ്റ്റര്‍ നിന്നു........
 
 


സദാക്കോ ഒരു ജപ്പാനീസ് പെണ്‍കുട്ടി .വെളുത്ത കൊക്കുകള്‍ ഉണ്ടാക്കി വിധിയുടെ ക്രൂരതക്ക് മുന്‍പില്‍ നിന്ന് രക്ഷപെടാന്‍ ആഗ്രഹിച്ചവള്‍.1955 ഒക്ടോബര്‍ 25 നു ആറ്റം ബോംബ്‌ ഉല്പാദിപ്പിച്ചു നല്‍കിയ ലുക്കീമിയ എന്ന രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങുമ്പോള്‍ അവള്‍ക്കു 12 വയസ്സ് പ്രായം.1000 വെളുത്ത കൊക്കുകള്‍ ഉണ്ടാക്കിയാല്‍ ദൈവം ഒരു വരം നല്‍കുമെന്നുമുള്ള ഒരു ജപ്പാനീസ് ഗുരുവിന്റെ ഉപദേശത്തില്‍ അവള്‍ 644 കൊക്കുകള്‍ ഉണ്ടാക്കി..അസുഖത്തിന്‍റെ കടുത്ത പീഡകല്‍ക്കിടയിലും ആതാമാവിശ്വാസവും പ്രതീക്ഷയും പുലര്‍ത്തിയ അവളുടെ ശ്രമം പക്ഷെ മരണത്തിന് മുന്‍പില്‍ പരാജയപ്പെട്ടു ..പിന്നീട് അവളുടെ കൂട്ടുകാര്‍ ബാക്കി 356 കൊക്കുകള്‍ കൂടി നിര്‍മിച്ചു അവളുടെ ഓര്‍മകളില്‍ പങ്കു ചേര്‍ന്നു.
അവള്‍ തുടങ്ങി വെച്ച ആവേശം അത് ലോകസമാധാനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വരുടെ ആശയ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടി.അവളുടെ സുഹൃത്തുക്കള്‍ സ്വരൂപിച്ചു കൊണ്ട് ഹിരോഷിമ പീസ്‌ പാര്‍ക്കില്‍ സ്വര്‍ണകൊക്കുമായുള്ള സദാക്കൊയുടെ പ്രതിമ സ്ഥാപിച്ചു..ഇന്നും വെള്ളക്കൊക്കുക ളുമായി അവളുടെ ഓര്‍മ പുതുക്കി സമാധാനത്തിന്‍റെ സന്ദേശം ലോകത്തിനു നല്‍കുന്നു..ആ പ്രതിമയുടെ താഴെ " THIS IS OUR CRY ,THIS IS OUR PRAYER , PEACE IN THE WORLD " എന്നൊരു വാചകം രേഖപെടുത്തിയിട്ടുണ്ട് .
ഹിരോഷിമയില്‍ 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗസ്റ്റ്‌ 6 നു ഒന്നരലക്ഷത്തോളം പേര്‍ ഈ ലോകത്തു നിന്നും തുടച്ചു നീക്കപ്പെട്ടു .ഒപ്പം മാരകമായ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ ,തലമുറകളോളം വിടാതെ പിന്തുടരുന്ന വൈകല്യങ്ങള്‍ ഇതൊക്കെ അവര്‍ക്ക് പകര്‍ന്നു കിട്ടി.1945 ആഗസ്റ്റ്‌ 6 നു രാവിലെ 8 .15നു ആണ് ഹിരോഷിമയില്‍ അണുബോംബ് പതിച്ചത് ,വളരെ വ്യക്തമായി മുന്‍കൂട്ടി തയ്യാറാക്കി നടപ്പിലാക്കിയ ഒന്നായിരുന്നു...ഹിരോഷിമ,നിഗാട,കൊക്കുറ,നാഗസാക്കി നഗരങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത് ഇതില്‍ ഹിരോഷിമ രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍റെ പ്രധാന സൈനിക കേന്ദ്രവും,ആയുധ സംഭരണ കേന്ദ്രവും ..ഒപ്പം വാര്‍ത്താ വിനിമയ കേന്ദ്രവും ആയിരുന്നു.എന്നാല്‍ ഇവിടെ ജപ്പാനിലെ തന്നെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് സഖ്യശക്തികളുടെ ആക്രമണം അവിടുത്തെ നാട്ടുകാരെ അതിശയപെടുത്തുന്ന വിധം കുറവായിരുന്നു .ഇപ്പോള്‍ പല രേഖകളും വായിക്കുമ്പോള്‍ അണുബോംബിന്‍റെ പ്രഹര ശേഷിയുടെ ആഴം കൂട്ടാന്‍ ബോധപൂര്‍വമായി അവിടം സഖ്യകക്ഷികള്‍ സംരക്ഷിച്ചു വന്നു എന്ന് മനസ്സിലാക്കാം.

ന്യൂക്ലിയര്‍ ഊര്‍ജത്തിന്‍റെ സാധ്യതകളെ പറ്റി ആല്‍ബര്‍ട്ട് ഐന്‍സ്ടീന്‍ അമേരിക്കന്‍ പ്രസിഡെന്‍റ് ആയ റൂസ് വെല്‍റ്റിനു അയച്ച കത്തും അതിനെ തുടര്‍ന്ന് അമേരിക്കന്‍ ശാസ്ത്രഞ്ജന്‍മാരുടെ ഇടപെടലും സമ്മര്‍ദ്ദങ്ങളും ഒക്കെ യാണ് 250 കോടി ഡോളര്‍ ചെലവിട്ടു ഒരു ആണവഗവേഷണ കേന്ദ്രം രൂപപെടുത്താന്‍ ഇടയാക്കിയത് ജര്‍മനിയെക്കള്‍ വേഗം അണുബോംബ് നിര്‍മിക്കുക എന്നതും ,ഓപ്പന്‍ ഹീമര്‍ തുടങ്ങിയ ശാസ്ത്രജ്ഞ രുടെ ഇടപെടലുകളും ഇതിന്‍റെ പ്രവര്‍ത്തനം ത്വരിതപെടുത്തി ..'മാന്‍ഹാട്ടന്‍ പ്രൊജക്റ്റ്‌ ' എന്നായിരുന്നു ഇതിന്‍റെ രഹസ്യ നാമം. ബ്രിട്ടന്‍ കാനഡ തുടങ്ങിയവരുടെ രഹസ്യആണവ പദ്ദതികളായ TUBE ALLOYS ,CHALK RIVER LABORATORY തുടങ്ങിയവ ഇതിനോടൊപ്പം എകീകരിക്കപെട്ടു ..വളരെ രഹസ്യമായി നടത്തിയ ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണരൂപത്തെ കുറിച്ച് വളരെ കുറച്ചു ഉന്നതര്‍ക്ക് മാത്രമേ അറിയുവാന്‍ കഴിഞ്ഞുള്ളു ..ഒടുവില്‍ അമേരിക്കയിലെ ഉട്ടാവ് മരുഭൂമിയിലെ ട്രിനിടി സൈറ്റില്‍ ഈ ബോംബ്‌ വിജയകരമായി പരീക്ഷിക്കപ്പെട്ടു ..രണ്ടു ബോംബുകള്‍ ..റൂസ് വെല്‍ ട്ടിനെ യും ചര്‍ചിലിനെയും സൂചിപ്പിച്ചു മെലിഞ്ഞ മനുഷ്യന്‍ എന്നും തടിച്ച മനുഷ്യന്‍ എന്നും അവയ്ക്ക് പേരിട്ടു.,.ഒടുവില്‍ അത് ലിറ്റില്‍ ബോയ്‌ എന്നും ഫാറ്റ് മാന്‍ എന്നും മാറ്റപ്പെട്ടു .
തുടര്‍ന്ന് വൈസ് പ്രസിഡന്റ്‌ ആയിരുന്ന ഹാരി എസ് ട്രൂമാന്‍ പ്രസിടണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു .ജപ്പാനില്‍ നിന്നും ഉയര്‍ന്നു വന്ന കടുത്ത പ്രതിരോധം സഖ്യകക്ഷികള്‍ക്ക് വിജയം അകലത്തിലാക്കി.ട്രൂമാന്‍ ജപ്പാന് നല്‍കിയ പോട്സ്ഡാം അന്ത്യശാസനം ജപ്പാന്‍ തള്ളിയപ്പോള്‍ ട്രൂമാന്‍ അണുബോംബ് പ്രയോഗിക്കാന്‍ ഉത്തരവിട്ടു ..ഒരു അമേരിക്കന്‍ സൈനികനെ പോലും നഷ്ടപ്പെടുത്താതെ യുദ്ധം ജയിക്കാമെന്നുള്ള സാധ്യതകളും 250 കോടി ഡോളര്‍ ചെലവിട്ടു നിര്‍മിച്ച ആയുധം ഉപയോഗിക്കാതെ കളയാനാവില്ല എന്നാ വാദവും .കൂടുതല്‍ ബലം നേടിയപ്പോള്‍ ചെറുതെങ്കിലും ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ ഫലിക്കാതെയായി ..ഇന്ന് ചരിത്രം വായിക്കുമ്പോള്‍ പുതിയ ഒരു ആയുധം ഉപയോഗിക്കുന്നതി ന്‍റെ ആവേശം അവരില്‍ പ്രകടമായി തോന്നുന്നു ..വാളും കുന്തവും മാറി തോക്ക് വന്നപ്പോള്‍ ഉണ്ടായ മാറ്റം അത് പോലെ അവര്‍ പുതിയ ആയുധത്തെ സ്വീകരിക്കുവാന്‍ തയ്യാറായി .അതിന്‍റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള അറിവ് ഒരു പക്ഷെ ഇല്ലായിരിക്കാം ..അല്ലെങ്കില്‍ അറിയാവുന്നവര്‍ അത് മറച്ചു പിടിച്ചതാകാം ..
എന്തായാലും ഹിരോഷിമയില്‍ അണുബോംബ് പ്രയോഗിക്കാനുള്ള തീരുമാനമായി..ഇത്തരം ഒരു തീരുമാനത്തിന് സഖ്യ കക്ഷികള്‍ക്കിടയില്‍ അന്നേ ഉള്ള കിടമത്സരങ്ങളും കാരണമായി എന്നും വായിക്കാന്‍ കഴിയുന്നു..അങ്ങനെ ആഗസ്റ്റ്‌ 5 ഞായറാഴ്ച 'എനോള ഗേ 'എന്ന വിമാനം 'ലിറ്റില്‍ബോയ്‌ 'യും വഹിച്ചു ഹിരോഷിമക്ക് പുറപ്പെടുന്നു..കേണല്‍ ടിബട്ട്സ് ആക്രമണം നയിക്കുന്നു..ഒപ്പം ഗ്രേറ്റ്‌ ആര്‍ടിസ്റ്റ് എന്ന നിരീക്ഷണ വിമാനത്തില്‍ ക്യാപ്ടന്‍ സ്വീനി .മൂന്നര ലക്ഷത്തോളം വരുന്ന ഹിരോഷിമക്കാര്‍ ഓഗസ്റ്റ്‌ ആറു തിങ്കളാഴ്ചയുടെ ദിനചര്യകളുമായി ദിവസം തുടങ്ങുന്ന നേരം ..8 .15 കഴിഞ്ഞു 17 സെക്കണ്ട് കഴിഞ്ഞപ്പോള്‍ എനോള ഗെയില്‍ നിന്നും ലിറ്റില്‍ ബോയ്‌ അവിടെ പതിച്ചു ..ഒരു തീഗോളം ആയി രൂപപെട്ട ആ ബോംബ്‌ തല്‍ക്ഷണം 66 ,000 പേരെ കൊന്നൊടുക്കി. ദിവസങ്ങള്‍ കൊണ്ട് ഒന്നര ലക്ഷത്തോളം പേര്‍ മരണം കൊണ്ട് അനുഗ്രഹിക്കപ്പെട്ടു,,അതിന്‍റെ ശാപം നേടിയവര്‍ ഇനിയും തീരാത്ത വൈകല്യങ്ങളും പേറി ഇന്നും ജീവിക്കുന്നു .
ഇത് ലോകത്തെ ഞെട്ടിപ്പിച്ചപ്പോള്‍ അമേരിക്കക്ക് അത് ആവേശമായി ..ടോക്കിയോവില്‍ എന്താണ് ഇത് പ്രയോഗിക്കാത്തത് എന്ന ഒരു പത്ര പ്രതിനിധിയുടെ ചോദ്യത്തിന് അമേരിക്കന്‍ സൈനിക മേധാവിയുടെ .."അതിനു സന്ധിയാലോചിക്കാന്‍ അവിടെ ആരെങ്കിലും വേണ്ടേ " എന്ന ക്രൂരമായ ഫലിതം നിറഞ്ഞ മറുപടി തന്നെ അത് വ്യക്തമാക്കുന്നു,,പക്ഷെ അപ്പോഴും കീഴടങ്ങാന്‍ ജപ്പാന്‍ കൂട്ടാക്കിയതുമില്ല..
ഒന്നിന് പുറകെ മറ്റൊന്നുകൂടെ നടത്തിയാലെ തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകും എന്ന ഭീതി വളര്‍ത്താന്‍ കഴിയൂ എന്ന അമേരിക്കന്‍ ചിന്ത വീണ്ടും ഒരു ദുരന്തത്തിന് നാന്ദിയായി ..ഫാറ്റ്മാന്‍ അടുത്ത മനുഷ്യവേട്ടക്കു തയ്യാറായി.ടോക്ക്യോ ആണ് അടുത്ത ലക്‌ഷ്യം എന്ന് കഥ പ്രചരിച്ചു എങ്കിലും .കൊക്കുറ ആയിരുന്നു അമേരിക്ക കരുതി വെച്ചതെങ്കിലും ഒടുവില്‍ അത് നാഗസാക്കിയുടെ നിര്‍ഭാഗ്യമായി മാറി ..മൂന്നു ദിവസങ്ങള്‍ക്കു ശേഷം ആഗസ്റ്റു 9 നു രാവിലെ 11 മണിയോടെ നാഗസാക്കിയും തീഗോളം വിഴുങ്ങി ..നാല്‍പ്പതിനായിരം പേര്‍ മരണത്തിലേക്ക് രക്ഷപെട്ടു ..അങ്ങനെ ആഗസ്റ്റ്‌ മാസം എന്നും ഓര്‍ക്കാന്‍ പാകത്തിന് ജാപ്പനീസ് ജനതക്കും ലോകത്തിനും രണ്ടു ദുരന്തങ്ങള്‍ സമ്മാനിച്ചു .സദക്കോ അതിന്‍റെ ഒരു പ്രതീകമായി ഇന്നും മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു .
ഇന്ന് യു എസ് ,റഷ്യ ,ഫ്രാന്‍സ് ,ബ്രിട്ടന്‍ ,ചൈന തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യ,പാകിസ്താന്‍ ,ഉത്തര കൊറിയ ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും ആണവ ശക്തികള്‍ എന്ന പേര് നേടിയിരിക്കുന്നു..ആണവ കിടമത്സരങ്ങള്‍ ക്കുമപ്പുറം ആണവ അപകടങ്ങളും നമ്മുടെ മുന്‍പില്‍ ഉണ്ടാകുന്നു..1986 ഏപ്രിലില്‍ ഉക്രയിനില്‍ ചെര്‍നോബിളില്‍ ഉണ്ടായ ദുരന്തം .. 1984 ല്‍ ഭോപാലില്‍ ഉണ്ടായ
അപകടം ഇതെല്ലാം ആണവമേഖല കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പാളീച്ചകള്‍ എത്ര വലിയ വിപത്തായി മാറുന്നു എന്നതിന് വലിയ ഉദാഹരണങ്ങള്‍ ആകുന്നു .ഇത്തരം ദുരന്തങ്ങളില്‍ മരണം ഒരു ആശ്വാസമാണെന്ന് ചരിത്രം രേഖപെടുത്തുമ്പോള്‍ വ്യക്തമാകുന്നത് അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ഭീകരതയുടെ ആഴം തന്നെയാണ്..
വര്‍ദ്ധിച്ചു വരുന്ന ജനതയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഇത്തരം പദ്ധതികള്‍ വേണ്ടി വരുന്നു എന്ന വാദം ഈ ദുരന്തങ്ങള്‍ കൊണ്ട് അപ്രസക്തമാകുന്നു..ഭാരതം പോലെ ജനസാന്ദ്രതയേറിയ ഒരു രാജ്യത്തു ഇത്തരം ആണവനിലയങ്ങള്‍ എത്രമാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നതും ഒരു പ്രധാന വിഷയമാണ്..ഭോപാല്‍ ദുരന്തവും അതിനോടനുബന്ധിച്ചുള്ള സമീപകാല പ്രശ്നങ്ങളും ഇന്ന് കൂടുതല്‍ രാഷ്ട്രീയമാനം നേടുമ്പോള്‍ അതിന്‍റെ യഥാര്‍ഥമായ ഭീകരത നാം മറന്നു പോകുന്നോ എന്ന് ഗൌരവകരമായി ചിന്തിക്കേണ്ടതാണ് .
യുദ്ധം എന്നതിന്‍റെ ഭീകരത നമ്മള്‍ അംഗീകരിക്കുന്ന കാലത്ത് തന്നെയാണ് ഓരോ രാജ്യങ്ങളും അവരുടെ ആയുധശേഖരം വര്‍ദ്ധിപ്പിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നത്..ഇന്ന് ലോകത്തില്‍ മറ്റു രാജ്യങ്ങളുടെ ആണവ നിലയങ്ങളുടെ കണക്കെടുക്കാന്‍ നടക്കുന്ന അമേരിക്ക അവരുടെ ശക്തിയോ അവരുടെ ആയുധങ്ങളുടെ എണ്ണമോ വെളിപ്പെടുത്തുന്നില്ല..സമാധാന സംഘടനയായി രൂപം കൊണ്ട ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുകളും ഇത്തരം ആയുധ മത്സരങ്ങള്‍ ഒഴിവാക്കാന്‍ സഹായക കാരമാകുന്നില്ല..അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ കൈവരിക്കേണ്ട ബോധവും അറിവും നമ്മള്‍ സ്വയം നെടുന്നതിനോപ്പം വരുന്ന തലമുറയെയും അതിനെ കുറിച്ച് ബോധാവാന്മാരക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനില്‍പ്പിനു അത്യാവശ്യമായി തീരുന്നു..

ഇനിയും വേണമോ നമുക്കീ യുദ്ധങ്ങള്‍, ഹിരോഷിമകള്‍ നാഗസാക്കികള്‍...?

Wednesday, August 3, 2016


Tuesday, July 5, 2016

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം



''ദാഹിച്ചുവലഞ്ഞുവരുന്ന ഒരു മൃഗത്തിന് വെള്ളം കൊടുക്കുന്നത് ഒരു പ്രാര്‍ത്ഥന. ഒരു ചെടിയോ വൃക്ഷമോ നട്ട് വെള്ളമൊഴിച്ചു വളര്‍ത്തുന്നതും പ്രാര്‍ത്ഥന. ഒരു പുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കുന്നതും പ്രാര്‍ത്ഥന. വിശന്നു പൊരിഞ്ഞു വരുന്ന മനുഷ്യന് ആഹാരം കൊടുക്കുന്നതും പ്രാര്‍ത്ഥന. ദുഃഖിതരെ ആശ്വസിപ്പിക്കുന്നതും പ്രാര്‍ത്ഥന. ജീവികളെ സന്തോഷിപ്പിക്കുന്നതും പ്രാര്‍ത്ഥന. രാവിന്റെയും പകലിന്റെയും ഭീതികളില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്നപേക്ഷിക്കുന്നതും പ്രാര്‍ത്ഥന. അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം.'' - വൈക്കം മുഹമ്മദ് ബഷീര്‍

തലയോലപ്പറമ്പെന്ന കൊച്ചു ഗ്രാമത്തെ വിശ്വസാഹിത്യത്തോളം വളര്‍ത്തിയത് ജീവിതത്തെത്തന്നെ പ്രാര്‍ത്ഥനയായിക്കണ്ട ബഷീര്‍ എന്ന വന്‍മരമാണെന്ന് നിസ്സംശയം പറയാം. ജീവിതവും സാഹിത്യവും തമ്മിലുള്ള അകലവും ജീവിതഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള അകലവും ഇല്ലാതാക്കിയ എഴുത്തുകാരന്‍. പുതിയ പദാവലികളും ശൈലികളും മലയാളത്തിന് സമ്മാനിച്ച മഹാപ്രതിഭ. ബഷീര്‍ മലയാളമനസ്സിന്റെ ഭാഗംതന്നെയാണ്. ബഷീര്‍കൃതികള്‍ വായിക്കാത്തവര്‍ പോലും ആ കഥാപാത്രങ്ങളേയും കഥാപ്രപഞ്ചത്തേയും അറിയുന്നു. തന്റെ കൃതികളെക്കാള്‍ വലുതായ ആ വ്യക്തിമഹത്വം തിരിച്ചറിയുന്നു.
ബഷീര്‍ രചനകളില്‍ താന്‍ ജീവിച്ച കാലവും നേരിട്ട അനുഭവങ്ങളും അന്നത്തെ സാമുദായിക-സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലവും തെളിഞ്ഞുകിടക്കുന്നു. ബഷീറെന്ന വ്യക്തി തന്റെ കൃതികളില്‍ക്കൂടിയും സംഭാഷണങ്ങളില്‍ക്കൂടിയും വ്യത്യസ്തമായ ജീവിത വഴികളില്‍ക്കൂടിയും സാഹിത്യ സാംസ്കാരിക ലോകത്ത് നിറഞ്ഞുനില്‍ക്കുന്നു. ബഷീറെന്ന യാത്രികനെ കാണിച്ചുതരുന്ന യാത്രാനുഭവങ്ങള്‍ കൂടിയായിമാറുന്നു അദ്ദേഹത്തിന്റെ രചനകള്‍.

നവോത്ഥാനകാലഘട്ടം ബഷീറിന്റെ ചിന്തകളെയും പ്രവൃത്തികളെയും ആഴത്തില്‍ സ്വാധീനിച്ച കാലമാണ്. സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണ്ണായകഘട്ടങ്ങളിലാണ് ബഷീര്‍ തന്റെ രചനകള്‍ക്ക് തുടക്കം കുറിക്കുന്നത്. അനുഭവങ്ങളുടെ തീച്ചൂളകള്‍ ബഷീറെന്ന എഴുത്തുകാരനെ പരുവപ്പെടുത്തിയെടുത്ത കാഴ്ചകള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ തെളിയുന്നു. തദ്ദേശസാഹിത്യത്തെക്കുറിച്ച് ഉത്കണ്ഠ വളരുന്നതും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവന്റെ സാഹിത്യത്തിന് പ്രസക്തി ലഭിക്കുന്നതും സ്വത്വനഷ്ടത്തെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നാണ്. സ്വത്വസംരക്ഷണത്തിന്റെ വ്യാകുലതകള്‍ ബഷീറെന്ന എഴുത്തുകാരന്റെ ഭാഷയിലും കടന്നുവരുന്നു. ബാല്യകാലസഖിയുടെ ആദ്യഭാഗങ്ങളില്‍ പ്രാദേശികഭാഷയുടെ വശ്യത വെട്ടിത്തിരുത്തിയ പ്രസ്സുകാരെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി പഴയ രൂപത്തിലാക്കിയത് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. തന്റെ കൃതികളിലെ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്യപ്പെടാതെ സര്‍ഗ്ഗസാഹിത്യമായി അടയാളപ്പെടുത്തണമെന്ന നിശ്ചയദാര്‍ഢ്യവും ഒപ്പം പ്രാദേശികതയുടെ അടയാളങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചനകള്‍ സാഹിത്യത്തിന്റെ പരിധിയില്‍ പെടുന്നതാണെന്നുള്ള ഉത്തമബോധ്യവും അദ്ദേഹം പുലര്‍ത്തി. വരേണ്യമെന്നോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതെന്നോ ഉള്ള ദ്വന്ദ്വത്തില്‍ ബഷീര്‍ വിശ്വസിച്ചില്ല. താനെഴുതുന്നതെല്ലാം വിശ്വസാഹിത്യമെന്ന തിരിച്ചറിവ് ലോകത്തെവിടെയുമുള്ള സാഹിത്യത്തിലെ സമാനതകള്‍കൂടി ഉള്‍ക്കൊള്ളുന്ന ഒരു മനുഷ്യന്റെ വിശ്വാസപ്രഖ്യാപനമാണ്. പ്രാകൃതം, സംസ്കൃതം എന്ന ദ്വന്ദ്വം സാഹിത്യത്തില്‍ സ്വീകരിക്കപ്പെടേണ്ടതില്ല എന്നതാണ് സംസ്കാരപഠനവും മുന്നോട്ടുവയ്ക്കുന്നത്. ഒരു ദേശത്തിന്റെ വൈവിദ്ധ്യവും വൈചിത്ര്യവും ഒരുപോലെ നിഴലിക്കുന്നതാണ് സംസ്കാരം. കാലവും ദേശവും സംസ്കാരത്തിന്റെ നിയാമകങ്ങളാണ്.
പ്രവാസജീവിതത്തിന്റെ അടയാളങ്ങള്‍ മിക്ക കൃതികളിലും കടന്നുവരുന്നുണ്ട്. സ്വന്തം സമുദായത്തിലെയും സമൂഹത്തിലെയും ആചാരങ്ങളാണ് ബാല്യകാലസഖിയില്‍ മജീദിനെ വീണ്ടും പ്രവാസിയാക്കി മാറ്റുന്നത്. സഹോദരിമാരെ വിവാഹം കഴിച്ചയയ്ക്കാന്‍ പണം വേണം, അവര്‍ക്ക് കാതിലെ കറുത്ത നൂല്‍ മാറ്റി പൊന്നിന്റെ കമ്മല്‍ അണിയണമെങ്കിലും പണം വേണം. മജീദിന് സുഹറയെ സ്വന്തമാക്കണമെങ്കില്‍ നാടുവിടാതെ വയ്യ എന്ന മജീദിന്റെ അവസ്ഥ മജീദിന്റെ രണ്ടാം യാത്രയ്ക്ക് കാരണമാണ്. തന്റെ പ്രവാസജീവിതത്തില്‍ താന്‍ നേടിയ അനുഭവങ്ങളെ ആത്മാംശമുള്ള കഥാപാത്രങ്ങളിലേക്ക് നേരെ പകര്‍ത്തുകയാണ് കഥാകാരന്‍.

മലയാളനോവലില്‍ മുസ്ലീംസാമൂഹ്യജീവിതം ആദ്യമായി അടയാളപ്പെടുത്തിയ കൃതിയും ബാല്യകാലസഖിയാണ്. മജീദിന്റെ ചിന്തകളിലൂടെയും യാത്രകളിലൂടെയും സ്വന്തം സമുദായത്തിലെ ആചാരങ്ങളും അനാചാരങ്ങളും സാഹിത്യത്തില്‍ ആവിഷ്കരിക്കുകവഴി നിലനിന്നിരുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകകൂടിയാണ് ബഷീര്‍ ചെയ്തത്. നിരക്ഷരരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷവുമായി എണ്ണിയ ഒരുപറ്റം ആളുകളെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് തന്റേടത്തോടെ കൂട്ടിക്കൊണ്ടുവരികയും സര്‍ഗ്ഗസംസ്കാരത്തിന്റെ ബഹുസ്വരതയിലേയ്ക്ക് കൂട്ടിച്ചേര്‍ക്കുകയുമാണ് ബഷീര്‍ ചെയ്തത്. കാലദേശങ്ങളില്‍നിന്നെഴുതുമ്പോഴും എഴുത്ത് കാലദേശങ്ങള്‍ക്കതീതമാകുന്ന കാഴ്ച അദ്ദേഹത്തില്‍ കാണാം. താന്‍ ജീവിച്ച സാമൂഹ്യസാഹചര്യങ്ങളില്‍ ഒരേ സമയം അതീതവും അധീനവുമായി ജീവിക്കേണ്ടിവരുന്ന അവസ്ഥ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിലുണ്ട്. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും അരാജകത്വം അനുഭവപ്പെട്ടകാലമാണ് ബഷീറിനെയും വേട്ടയാടിയത്. ജാതിചിന്തയും സാമൂഹികാസമത്വവും നിലനില്‍ക്കാത്ത ഒരു ലോകമാണ് അദ്ദേഹം സ്വപ്നംകണ്ടത്. നിലവിലുള്ള അവസ്ഥാന്തരങ്ങളില്‍ നിന്ന് പുതിയതൊന്ന് കെട്ടിപ്പടുക്കാനുള്ള അഭിവാഞ്ഛ ബഷീറില്‍ ശക്തമായിരുന്നു. കാലത്തോടും ലോകത്തോടും കലഹിക്കുകയായിരുന്നു ബഷീര്‍ തന്റെ കൃതികളിലുടെ. പണം സമ്പാദിക്കുക എന്ന ലക്ഷ്യമായിരുന്നില്ല അദ്ദേഹത്തെ പ്രവാസിയാക്കി മാറ്റിയത്. മറിച്ച് ലേകത്തെ അറിയുക എന്നതായിരുന്നു. അനുഭവങ്ങളിലൂടെ ലോകത്തെ അറിഞ്ഞതിനാലാണ് ഒരു സൂഫിയെപ്പോലെ കാലത്തെയും ലോകത്തെയും ഉള്‍ക്കൊണ്ട് അദ്ദേഹത്തിനെഴുതാനായത്. ഏതു ദുരന്തത്തെയും അതിജീവിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാനായത്. ജീവിതത്തെ 'പ്രകാശമുള്ള സൗന്ദര്യ'മായി ഉള്‍ക്കൊള്ളാനായത്. യുദ്ധങ്ങളും ആക്രമണങ്ങളും പത്രത്താളുകളിലും ചാനലുകളിലും മിന്നിമറയുമ്പോള്‍ യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കുമിടയില്‍ അനാഥമാകുന്ന, ഇരപ്രവാസികളാകുന്ന (victim diaspora) നിരവധി ജീവിതങ്ങളെക്കുറിച്ച് 'ശബ്ദങ്ങള്‍'പോലെയുള്ള കൃതികളില്‍ അദ്ദേഹം വരച്ചിടുന്നുണ്ട്. അസമത്വത്തിന്റെ പീഡിതമുഖങ്ങളും അനാഥത്വം സൃഷ്ടിക്കുന്ന സാമൂഹ്യവ്യവസ്ഥിതിയും രചനകളില്‍ നിറച്ചുകൊണ്ട് പലപ്പോഴും സ്ത്രീ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും ഇരയാക്കപ്പെടുന്ന കുട്ടികളെക്കുറിച്ചും ബോധപൂര്‍വ്വം ചിന്തിക്കുകയും രോഷംകൊള്ളുകയും ചെയ്തു.

സ്വന്തം ആഗ്രഹങ്ങളും സ്വാതന്ത്ര്യവും പണയപ്പെടുത്താതെതന്നെ സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ചു ജീവിക്കാമെന്ന് 'പ്രേമലേഖന'ത്തിലൂടെ തെളിയിച്ചു, സ്ത്രീപക്ഷവീക്ഷണം പുലര്‍ത്തിയ ഈ എഴുത്തുകാരന്‍, മണ്ടന്‍ മുത്തപ്പയെയും സൈനബയെയും സൃഷ്ടിച്ച് പരമ്പരാഗത പ്രണയസങ്കല്പത്തെ വെല്ലുവിളിച്ചു. പുട്ടിനുള്ളില്‍ മുട്ടനിറച്ച് പ്രണയം പങ്കുവയ്ക്കുന്ന പ്രണയിനിക്കും സ്നേഹിച്ച പുരുഷനെ തലകീഴായ് നിര്‍ത്തിയ സാറാമ്മയ്ക്കും പകരം വയ്ക്കാന്‍ ലോകസാഹിത്യത്തില്‍ പോലും നായികമാരുണ്ടാവില്ല.

ഡോ. റൊണാള്‍ഡ് ഇ. ആഷര്‍ എന്ന ബഹുഭാഷാപണ്ഡിതന്റെ വിവര്‍ത്തനങ്ങളിലൂടെ ബഷീര്‍ നോവലുകളും നിരവധി കഥകളും ഇംഗ്ലീഷ് ഭാഷയിലും കുടിയേറി. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച 'Me Grandad 'ad an Elephant' എന്ന സമാഹാരം 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്!', 'ബാല്യകാലസഖി', 'പാത്തുമ്മാടെ ആട്' എന്നീ നോവലുകള്‍ ചേര്‍ന്നതാണ്. വിവര്‍ത്തനത്തിനു വഴങ്ങാത്ത ബഷീര്‍ ഭാഷയെക്കുറിച്ച് ആഷര്‍ വാചാലനാകുന്നുണ്ട്. മലയാളത്തിലെ നിരവധി പദങ്ങള്‍ കോളിന്‍സ് ഇംഗ്ലീഷ് ഡിക്ഷ്ണറിയിലും ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയിലും എന്‍സൈക്ലോപീഡിയയിലും എത്തിയത് ആഷറിന്റെ വിവര്‍ത്തനത്തോടെയാണ്.
കായി അബ്ദുറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായി 1908 ജനുവരി 21ന് തലയോലപ്പറമ്പില്‍ ജനിച്ച മുഹമ്മദ് ബഷീര്‍ എന്ന ഈ എഴുത്തുകാരന്‍ തലയോലപ്പറമ്പെന്ന ദേശത്തെ 'മ്മിണി ബെല്യ' ദേശമായി, പ്രപഞ്ചത്തിന്റെ പരിഛേദമാക്കി രൂപാന്തരപ്പെടുത്തി. ബഷീര്‍ കുടുംബത്തിലെ അംഗങ്ങളെല്ലാം - ബാപ്പയും ഉമ്മയും, അബ്ദുള്‍ഖാദര്‍, ഹനീഫ, അബൂബക്കര്‍, പാത്തുമ്മ, ആനുമ്മ, അവരുടെ അനന്തരതലമുറയായ കദീജ, പാത്തുക്കുട്ടി, റഷീദ് തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ബഷീറിന്റെ സാഹിത്യലോകത്തെ നിത്യവിസ്മയങ്ങളാണ്.
ബഷീര്‍ സ്മാരക സമിതി, ബഷീര്‍ അമ്മമലയാളം സാഹിത്യസാംസ്കാരിക കൂട്ടായ്മ, ബഷീര്‍ സ്മാരക ട്രസ്റ്റ്, ഇവയ്ക്കൊപ്പം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളും തലയോലപ്പറമ്പില്‍ സുല്‍ത്താനോടുള്ള ആദരവിന്റെ അടയാളങ്ങളാണ്.

Sunday, July 3, 2016

ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം.




ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അതിന് ശേഷം ഒട്ടേറെ ലഹരി വിരുദ്ധ ദിനങ്ങൾ കടന്നു പോയെങ്കിലും രാജ്യാതിർത്തികൾക്കും, മത വിശ്വാസങ്ങൾക്കുമപ്പുറം ലോക വ്യാപകമായി ഇവയുണർത്തുന്ന അപകടങ്ങളെ തരണം ചെയ്യാൻ നമുക്കിനിയും ആയിട്ടില്ല.

ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്


ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്....


 
Design by SALU K S | Bloggerized by 9447002925 | trivandrumteachers@gmail.com